''പാകിസ്താനായിരുന്നെങ്കിൽ 40 റൺസിന് തോറ്റേനെ..''; ഇന്ത്യന്‍ വിജയത്തെ കുറിച്ച് മുന്‍ പാക് താരം

''പാകിസ്താനിലെ വളര്‍ന്നു വരുന്ന യുവതാരങ്ങൾക്ക് കോഹ്ലിയുടെ ഇന്നിങ്‌സ് കാണിച്ച് കൊടുക്കണം''

Update: 2022-10-26 13:54 GMT
Advertising

പാകിസ്താനെതിരെ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തെ വാനോളം പുകഴ്ത്തി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ഇത്രയും വലിയൊരു സമ്മര്‍ദത്തെ അതിജീവിക്കാന്‍ പാക് താരങ്ങളെ കൊണ്ട് ഒരിക്കലും കഴിയില്ലെന്നും ഈ അവസ്ഥയില്‍ പാകിസ്താനായിരുന്നെങ്കില്‍ 40 റണ്‍സിനെങ്കിലും തോറ്റേനെ എന്നും അക്മല്‍ പറഞ്ഞു. സമ്മര്‍ദ ഘട്ടത്തില്‍ കോഹ്‍ലി നടത്തിയ ഉജ്ജ്വല പ്രകടനം പാകിസ്താനിലെ വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നും അക്മല്‍ പറഞ്ഞു. 

''വിരാട് കോഹ്ലിയുടെ സ്ഥാനത്ത് മറ്റൊരു ബാറ്ററായിരുന്നെങ്കിൽ ചിലപ്പോൾ ഈ മത്സരം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. പാകിസ്താനായിരുന്നെങ്കിൽ മത്സരം 40 റൺസിനെങ്കിലും തോൽക്കുമായിരുന്നു. ഇത്രയും വലിയൊരു സമ്മർദം നമുക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. പാകിസ്താനിലെ അണ്ടർ 15 ടീമിലും അണ്ടർ 19 ടീമിലുമൊക്കെ കളിക്കുന്ന യുവതാരങ്ങൾക്ക് കോഹ്ലിയുടെ ഇന്നിങ്‌സ് കാണിച്ച് കൊടുക്കണം. അദ്ദേഹം എങ്ങനെയാണ് ആ മത്സരം ഫിനിഷ് ചെയ്തത് എന്നതിൽ നിന്ന് അവർക്ക് പഠിക്കാനൊരുപാടുണ്ട്''; അക്മൽ പറഞ്ഞു. ഹാരിസ് റഊഫിനെതിരെ പത്തൊമ്പതാം ഓവറില്‍ നേടിയ സിക്സുകള്‍  അതിമനോഹരമായിരുന്നു എന്നും കോഹ്‍ലിക്ക് മാത്രമേ സമ്മര്‍ദ ഘട്ടത്തില്‍ അങ്ങനെയൊരു ഷോട്ടിന് മുതിരാന്‍ കഴിയൂ എന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു ഘട്ടത്തില്‍ 31 റണ്‍സെടുക്കുന്നതിനിടെ നാല് ബാറ്റര്‍മാരെ നഷ്ടമായ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് കോഹ്‍ലി വിജയത്തിലെത്തിച്ചത്. പതിനെട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍129 റണ്‍സായിരുന്നു. രണ്ടോവറില്‍ ജയിക്കാന്‍ 31 റണ്‍സ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തില്‍ ഇന്ത്യ നേടിയത് വെറും മൂന്ന് റണ്‍സ്. സമ്മര്‍ദത്തില്‍ വീണു പോയ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറി കണ്ടെത്താന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹാരിസ് റഊഫെറിഞ്ഞ അവസാന രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ പറത്തി കോഹ്‍ലി ആവേശപ്പോരിന്‍റെ ത്രില്ല് അവസാന ഓവറിലേക്ക് നീട്ടി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും സമ്മര്‍ദം. തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സിംഗിള്‍. മൂന്നാം പന്തില്‍‌ കോഹ്‍ലി രണ്ട് റണ്‍സ് കുറിച്ചു. നാലാം പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് കോഹ്‍ലിയുടെ മനോഹര സിക്സര്‍. തൊട്ടടുത്ത പന്തില്‍ മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് പുറത്തായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി അശ്വിന്‍ ഇന്ത്യയെ വിജയതീരമണച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News