''അങ്ങനെയൊരു സിക്‌സർ അസാധ്യം, പക്ഷേ ഇത് സൂര്യയാണ്''; സൂര്യ കുമാറിനെ വാനോളം പുകഴ്ത്തി സെവാഗ്
''നേരിടാൻ പോകുന്ന പന്ത് ആ ഷോട്ടിന് പറ്റിയതല്ലെങ്കിലും അയാൾ മനസ്സിൽ കരുതിയത് നടപ്പിലാക്കിയിരിക്കും''
ടി20 ലോകകപ്പിൽ തകർപ്പൻ ഫോം തുടരുകയാണ് സൂര്യകുമാർ യാദവ്. ക്യാപ്റ്റൻ രോഹിത് ശർമയടക്കം പല മുൻനിര ബാറ്റർമാരും ഫോം കണ്ടെത്താതെ വിഷമിക്കുമ്പോള്‍ പല ഘട്ടങ്ങളിലും സമ്മർദങ്ങളിലാതെ ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയത് സൂര്യയാണ്.
കഴിഞ്ഞ മത്സരത്തിൽ സിംബാബ്‍വെക്കെതിരെയും താരം തകർപ്പൻ ഫോമിലായിരുന്നു. മത്സരത്തിൽ വെറും 25 പന്തിൽ നിന്ന് 61 റൺസാണ് താരം അടിച്ചെടുത്തത്. അവസാന ഓവറുകളിൽ സൂര്യയുടെ ചില ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ഇപ്പോൾ സൂര്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ വിരേന്ദർ സെവാഗ്.
''അദ്ദേഹം ഒരു ഷോട്ട് പായിക്കാൻ ആഗ്രഹിക്കുന്നു എന്ന് കരുതുക.. എന്നാൽ നേരിടാൻ പോകുന്ന പന്ത് ആ ഷോട്ടിന് പറ്റിയതല്ലെങ്കിലും അയാൾ മനസ്സിൽ കരുതിയത് നടപ്പിലാക്കിയിരിക്കും, ഓഫ് സ്റ്റംബിന് പുറത്ത് വൈഡാകുമായിരുന്ന പന്തിനെ ഫൈൻ ലെഗ്ഗിലേക്ക് സിക്സര്‍ പറത്തൽ അസാധ്യമാണ്.. പക്ഷെ ഇത് സൂര്യയാണ്.. അയാൾക്ക് അതിന് കഴിയും''- സെവാഗ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ ടി20യിൽ ഈ കലണ്ടർ വർഷത്തിൽ ആയിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ് മാറി. ലോകകപ്പിൽ തകർപ്പൻ ഫോം തുടരുന്ന സൂര്യ ഇതുവരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. 15, 51, 68, 30, 61 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്‌കോർ. 75. 193.96 ആണ് സ്‌ട്രൈക്ക് റേറ്റ്.