ബുമ്രയുടെ ആക്ഷനും കോഹ്‌ലിയുടെ പറക്കും ക്യാച്ചും; സമൂഹ മാധ്യമ കണ്ടെത്തൽ ഇങ്ങനെ
ഇരുവരുടേയും ചിത്രം സഹിതമാണ് 'ബുമ്ര ഇഫക്ട്' എന്ന രീതിയിൽ പ്രചരിക്കുന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചു.
ബെംഗളൂരു: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20 അലയൊലികൾ അവസാനിക്കുന്നില്ല. വിരാട് കോഹ്‌ലിയെടുത്ത തകർപ്പൻ ക്യാച്ചാണ് മത്സരശേഷവും ചർച്ചയാകുന്നത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ആക്ഷനും കോഹ്‌ലിയുടെ ക്യാച്ചുമായാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്. ഇരുവരുടേയും ചിത്രം സഹിതമാണ് 'ബുമ്ര ഇഫക്ട്' എന്ന രീതിയിൽ പ്രചരിക്കുന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചു. നേരത്തെയും പരിശീലന ക്യാമ്പുകളിൽ ബുമ്രയുടെ ആക്ഷനിൽ കോഹ്‌ലി പന്തെറിഞ്ഞ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കോഹ്‌ലിയുടെ അവിശ്വസിനീയ പ്രകടനം. 17ാം ഓവറിലെ അഞ്ചാം പന്തിലാണ് ഗ്യലറിയേയും ഇന്ത്യൻ ഡഗൗട്ടിനേയും അത്ഭുതപ്പെടുത്തിയ ഫീൽഡിങ് മികവുണ്ടായത്. വാഷിങ്ടൺ സുന്ദറിനെതിരെ കരിം ജന്നത്ത് ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിൽ വായുവിൽ ഉയർന്നു പൊങ്ങിയാണ് തട്ടിയത്.
സിക്‌സ് ഉറപ്പിച്ച സ്ഥാനത്ത് വെറും ഒരു റൺ. ഈയൊരു പ്രകടനത്തെ നിറകൈയടിയോടെയാണ് രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ എതിരേറ്റത്. മത്സരത്തിന്റെ ഗതി മാറ്റുന്നത് കൂടിയായി അത്ഭുത സേവ്. ഇത് കൂടാതെ ഗ്രൗണ്ടിൽ 20 മീറ്ററോളം കവർ ചെയ്ത് ക്യാച്ച് എടുക്കുകയും ചെയ്തിരുന്നു. രണ്ട് സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഇന്ത്യ വിജയം പിടിച്ചിരുന്നു.