'എന്‍റെ ബാറ്റിങ് ശേഷി അറിയണോ, ഗൂഗിള്‍ ചെയ്ത് നോക്ക്'; മാധ്യമപ്രവര്‍ത്തകന് ബുംറയുടെ വായടപ്പന്‍ മറുപടി
ഗാബ ടെസ്റ്റിന്‍റെ നാലാം ദിനം ബുംറയും ആകാശ് ദീപും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്
ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനം. മത്സര ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയോട് ഒരു ചോദ്യമുയർന്നു. 'ബാറ്റിങ്ങിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ നിങ്ങൾ ആളല്ലെന്നറിയാം. എന്നാലും ചോദിക്കട്ടേ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ്ങിനെ കുറിച്ച നിങ്ങളുടെ വിലയിരുത്തലെന്താണ്' പ്രസ് മീറ്റീൽ ചിരിപടർത്തിയ ഈ ചോദ്യത്തിന് ഒരു പരിഹാസ സ്വരമുണ്ടായിരുന്നു. ഉടൻ ബുംറയുടെ വായടപ്പൻ മറുപടിയെത്തി.
'ചോദ്യമൊക്കെ കൊള്ളാം. എന്റെ ബാറ്റിങ് എബിലിറ്റിയെയാണ് നിങ്ങൾ ചോദ്യം ചെയ്തത്. നിങ്ങളാദ്യം പോയി ഗൂഗിളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ച താരമാരാണെന്ന് സെർച്ച് ചെയ്ത് നോക്കൂ'..
2022 ൽ ബർമിങ്ഹാം ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 34 റൺസടിച്ചതിനെ സൂചിപ്പിച്ചായിരുന്നു ബുംറയുടെ റിപ്ലേ. ഗാബയിലെ നാലാം ദിനവും ബുംറയുടെ ബാറ്റിങ് എബിലിറ്റി എന്താണെന്ന് ആരാധകർ കണ്ടു. അവസാന വിക്കറ്റിൽ ബുംറയും ആകാശ് ദീപും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്.