കാര്യവട്ടത്ത് ഇന്ത്യയുടെ വെടിക്കെട്ട്: ആസ്‌ട്രേലിയക്കെതിരെ വമ്പൻ സ്‌കോർ

തുടക്കത്തിൽ യശസ്വി ജയ്‌സ്വാളും ഇഷാൻ കിഷനും അവസാനത്തിൽ റിങ്കു സിങുമാണ് കത്തിക്കയറിയത്‌

Update: 2023-11-26 15:29 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് ഗെയിക്‌വാദിന്റെും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറികളുടെ ബലത്തിൽ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 235 റൺസ്. അവസാന ഓവറുകളിലെ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനവും ഇന്ത്യക്ക് ഗുണമായി. 

ടോസ് നേടിയ ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ആസ്‌ട്രേലിയൻ നായകൻ മാത്യു വേഡിന്റെ കണക്ക് കൂട്ടലെല്ലാം ഇന്ത്യൻ ഓപ്പണർമാർ തെറ്റിച്ചു. യശസ്വി ജയ്‌സ്വാളാണ് കത്തിക്കയറിയത്. ആസ്‌ട്രേലിയൻ ബൗളർമാരെ പലവട്ടം അതിർത്തി കടത്തി. 25 പന്തിൽ നിന്ന് 53 റണ്‍സാണ് ജയ്‌സ്വാൾ നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്ന ഗംഭീര ഇന്നിങ്‌സ്. ജയ്‌സ്വാൾ ആഞ്ഞടിക്കുമ്പോൾ ഒരറ്റത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കുന്ന ചുമതലയെ ഗെയിക്‌വാദിനുണ്ടായിരുന്നുള്ളൂ. നേരിട്ട 24ാം പന്തിലാണ് ജയ്‌സ്വാൾ അർധ ശതകം തികച്ചത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു.

പിന്നാലെ എത്തിയ കിഷനും വെറുതെ നിന്നില്ല. കാര്യവട്ടം സ്റ്റേഡിയത്തെ കിഷനും നന്നായി ഉപയോഗിച്ചു. 32 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറും അക്കം 52 റൺസാണ് കിഷൻ നേടിയത്. സൂര്യകുമാറിന് 10 പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ. 19 റൺസ് നേടിയ സൂര്യകുമാറിനെ മാർക്കസ് സ്റ്റോയിനിസ് മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കി. അവസാന ഓവറിലാണ് ഗെയിക്‌വാദ് മടങ്ങുന്നത്. 43 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറും ഉൾപ്പെടെ 58 റൺസാണ് ഗെയിക് വാദ് നേടിയത്.

അവസാനത്തിൽ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 230 കടത്തിയത്. വെറും 9 പന്തുകളിൽ നിന്ന് പുറത്താകാതെ 31 റൺസാണ് റിങ്കു അടിച്ചെടുത്തത്. നാല് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്ന അതിഗംഭീര ഇന്നിങ്‌സ്. രണ്ട് പന്തിൽ നിന്ന് ഒരു സിക്‌സർ അടക്കം ഏഴ് റൺസ് നേടിയ തിലക് വർമ്മയും മോശമാക്കിയില്ല.

ആസ്‌ട്രേലിയക്കായി പന്ത് എടുത്തവരെല്ലാം തല്ലുവാങ്ങി. മൂന്ന് ഓവറിൽ 56 റൺസ് വിട്ടുകൊടുത്ത സീൻ ആബട്ടാണ് 'കേമനായത്'. നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ വിട്ടുകൊടുത്തത് 45 റൺസ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News