പുതുവർഷത്തിൽ ആർസനലിന് ജയത്തുടക്കം; ബ്രെൻഡ്‌ഫോഡിനെ വീഴ്ത്തി പ്രീമിയർ ലീഗിൽ രണ്ടാമത്

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് ജയം പിടിച്ചത്.

Update: 2025-01-02 04:31 GMT
Editor : Sharafudheen TK | By : Sports Desk
Advertising


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ പുതുവർഷത്തെ ആദ്യജയം സ്വന്തമാക്കി ആർസനൽ. ബ്രെൻഡ്‌ഫോഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് മൂന്ന് ഗോൾ അടിച്ചുകൂട്ടിയത്. ഗബ്രിയേൽ ജീസുസ്(39), മിക്കേൽ മെറീനോ(50), ഗബ്രിയേൽ മാർട്ടിനലി(53) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ബ്രയിൻ എംബെമോ(13) ബ്രെൻഡ്‌ഫോഡിനായി ആശ്വാസ ഗോൾ കണ്ടെത്തി. ജയത്തോടെ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറികടന്ന് പോയന്റ് ടേബിളിൽ ആർസനൽ രണ്ടാംസ്ഥാനത്തേക്കുയർന്നു.

 

 ആദ്യ പകുതിയിൽ ആർസനലിന് ഒപ്പംപിടിച്ച ആതിഥേയർക്ക് രണ്ടാം പകുതിയിൽ കാലിടറുകയായിരുന്നു. 13ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിലൂടെ എംബെമോയിലൂടെ ബ്രെൻഡ്‌ഫോഡ് ലീഡെടുത്തു. ഡാംസ്ഗാർഡിന്റെ അസിസ്റ്റിലായിരുന്നു ലക്ഷ്യംകണ്ടത്. എന്നാൽ 29ാം മിനിറ്റിൽ ഗണ്ണേഴ്‌സ് ഗോൾ മടക്കി. തോമസ് പാർട്ടിയുടെ തകർപ്പനടി ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും ബോക്‌സിൽ തക്കംപാർത്തിരുന്ന ഗബ്രിയേൽ ജീസുസ് റീബൗണ്ട് പന്ത് ഹെഡ്ഡറിലൂടെ വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആർസനൽ ലീഡ് പിടിച്ചു. സെറ്റ്പീസിൽ ഈ സീസണിൽ ഒട്ടേറെ ഗോൾ നേടിയ സന്ദർശകരുടെ മറ്റൊരു ഗോൾ. ന്വാനെറിയെടുത്ത കോർണർ കിക്ക് തട്ടിയകറ്റുന്നതിൽ ഗോൾകീപ്പർക്ക് പിഴച്ചു. ഡിഫൻഡറുടെ കാലിൽ തട്ടി ലഭിച്ച പന്ത് സ്പാനിഷ് താരം മിക്കേൽ മെറീനോ ലക്ഷ്യത്തിലെത്തിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം മറ്റൊരു ബ്രസീലിയൻ ഗോൾകൂടിയെത്തി. ന്വാനെറി നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ബ്രെൻഡ്‌ഫോർഡ് പ്രതിരോധത്തിന് പിഴച്ചു.ബോക്‌സിൽ ലഭിച്ച പന്ത് ഗബ്രിയേൽ മാർട്ടിനലി കൃത്യമായി വലയിലേക്കടിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News