സിഡ്നി ടെസ്റ്റിൽ രോഹിത് ഇറങ്ങിയേക്കില്ല; ക്യാപ്റ്റനാകാൻ ജസ്പ്രീത് ബുംറ
സിഡ്നി: നാളെ മുതൽ സിഡ്നിയിൽ തുടങ്ങുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ ജസ്പ്രീത് ബുംറ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകൾ. താൻ പുറത്തിരിക്കാൻ സന്നദ്ധനാണെന്ന് രോഹിത് ശർമ കോച്ച് ഗൗതം ഗംഭീറിനെയും ചീഫ് സെലക്റ്റർ അജിത് അഗാർക്കറിനെയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
രോഹിത് പുറത്തിരിക്കുന്നതോടെ ശുഭ്മാൻ ഗിൽ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. പരിക്കേറ്റ പേസർ ആകാശ് ദീപിന് പകരം പ്രസീദ് കൃഷ്ണയും ടീമിലിടം പിടിക്കും.
ഇന്ന് നടന്ന പരിശീലന സെഷനിൽ ഗംഭീറും ബുംറയും തമ്മിൽ ദീർഘനേരം സംസാരിക്കുന്നത് അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ സ്ളിപ്പിലെ ഫീൽഡിങ് പൊസിഷനിൽ രോഹിത് പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നില്ല.
പരമ്പരയിലുടനീളം രോഹിത് മോശം ഫോമിലാണ് ബാറ്റേന്തുന്നത്. ഓസീസ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ വെറും 6.2 ആണ് രോഹിതിന്റെ ബാറ്റിങ് ശരാശരി. കൂടാതെ രോഹിത് വ്യക്തിപരമായ കാരണങ്ങളാൽ മാറിനിന്ന ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ കീഴിൽ ഇന്ത്യ മിന്നും വിജയം നേടുകയും ചെയ്തിരുന്നു.
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ മെൽബണിൽ അവസാനിച്ചത് രോഹിതിന്റെ അവസാന ടെസ്റ്റാകാനും സാധ്യതയുണ്ട്. ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ്.