നാളെ സിഡ്നി സ്റ്റേഡിയം ‘പിങ്ക്’ നിറമണിയും; കാരണമിതാണ്
സിഡ്നി: നാളെ മുതൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് പിങ്ക് നിറമണിയും. ഓസീസ് താരങ്ങൾ പിങ്ക് നിറത്തിലുള്ള തൊപ്പികൾ അണിയുന്നതോടൊപ്പം പിങ്ക് നിറമുള്ള സ്റ്റംപുകളും ഉപയോഗിക്കും. കൂടാതെ ഗ്യാലറിയും പിങ്ക് നിറത്തിൽ മുങ്ങും.
എന്താണിതിന് കാരണമെന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകും?. ഓസീസിന്റെ ഇതിഹാസ ബൗളറായ െഗ്ലൻ മക്ഗ്രാത്തിന്റെ ഭാര്യ ജെയ്ൻ മഗ്രാത്തിന്റെ ഓർമക്കായാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്. കൂടാതെ സ്തനാർബുദത്തിനെതിരായ ബോധവൽക്കരണം നടത്തുക, സ്തനാർബുദ ബാധിതർക്ക് സാമ്പത്തിക സഹായം നൽകുക എന്നിവയും ഇതിന്റെ ഉദ്ദേശ്യമാണ്. മഗ്രാത്ത് ഫൗണ്ടേഷനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
ജെയ്ൻ മഗ്രാത്തിന് സ്തനാർബുദം പിടിപെട്ടതിന് പിന്നാലെ 2005ലാണ് മഗ്രാത്ത് ഫൗണ്ടേഷൻ സ്ഥാപിക്കപ്പെടുന്നത്. വൈകാതെ 2008ൽ ജെയ്ൻ മരണത്തിന് കീഴടങ്ങി. പക്ഷേ ഭാര്യയുടെ മരണത്തിന് ശേഷവും െഗ്ലൻ മഗ്രാത്ത് ഫൗണ്ടേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.
2009 മുതൽ ക്രിക്കറ്റ് ആസ്ട്രേലിയയും ഫൗണ്ടേഷനുമായി സഹകരിച്ചു. ഇതിന്റെ ഭാഗമായി 2009 മുതലുള്ള എല്ലാ ന്യൂഇയർ ടെസ്റ്റ് മത്സരങ്ങളും ‘പിങ്ക് ടെസ്റ്റായി’ നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ചിഹ്നത്തിന് ലോക വ്യാപകമായി ഉപയോഗിച്ചു വരാറുള്ള പിങ്ക് നിറത്തെയാണ് അവർ തെരഞ്ഞെടുത്തത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് ഇതിന് വേദിയാകാറുള്ളത്. ഇതുവരെ സ്തനാർബുദത്തിന് മാത്രമായിരുന്നു സഹായം നൽകിയിരുന്നതെങ്കിൽ ഇൗ വർഷം മുതൽ എല്ലാതരം അർബുദങ്ങൾക്കും ഫൗണ്ടേഷൻ സഹായം നൽകും.