വീരൻ കോഹ്ലി; ഇന്ത്യക്ക് നാലാം ജയം
വിരാട് കോഹ്‍ലിക്ക് സെഞ്ചുറി
പൂനെ: വിരാട് കോഹ്ലിയുടെ നിറഞ്ഞാട്ടം കണ്ട പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം ഇന്ത്യ എട്ട് ഓവറും മൂന്ന് പന്തും ബാക്കി നിൽക്കേ മറികടന്നു. ലക്ഷ്യം നേടാൻ ഇന്ത്യക്ക് ആകെ നഷ്ടമായത് വെറും മൂന്ന് വിക്കറ്റ്. സിക്‌സറിലൂടെ വിജയ റണ്ണും സെഞ്ചുറിയും കുറിച്ച് കോഹ്ലി മത്സരം തന്റെ പേരിലെഴുതിച്ചേർത്തു. 97 പന്തില്‍ നാല് സിക്സുകളുടേയും ആറ് ഫോറിന്‍റേയും അകമ്പടിയിലാണ് കോഹ്‍ലി സെഞ്ചുറി കുറിച്ചത്.
കോഹ്ലിക്ക് പുറമേ അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലും 48 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുലും ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഗില്‍ 55 പന്തില്‍ നിന്നാണ് 53 റണ്‍സ് അടിച്ചെടുത്തത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 256 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണർമാരായ ലിട്ടൺ ദാസിന്‍റേയും തൻസീദ് ഹസന്‍റേയും മികച്ച പ്രകടനങ്ങളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ മുശ്ഫിഖു റഹീമും മഹ്മൂദുല്ലയും ബംഗ്ലാദേശിനായി തകര്‍ത്തടിച്ചു.
ഓപ്പണർമാരായ ലിട്ടൺ ദാസും തൻസീദ് ഹസനും മികച്ച തുടക്കമാണ് ബംഗ്ലാ കടുവകള്‍ക്ക് നല്‍കിയത്. എന്നാൽ,93 ൽ എത്തിനിൽക്കെ തൻസീദിനെ പുറത്താക്കി കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നീടെത്തിയ നജ്മുൽ ഹുസൈൻ ഷന്റോയെ ജഡേജയും മെഹദി ഹസനെ സിറാജും പവലിയനിലേക്കയച്ചു. അപ്പോഴും ഒരറ്റത്ത് ലിറ്റണ്‍ ദാസുണ്ടായിരുന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട ലിറ്റണെ 27 ാം ഓവറില്‍ ജഡേജ ശുഭ്മാന്‍ ഗില്ലിന്‍റെ കയ്യിലെത്തിച്ചു.
എന്നാല്‍ മുഷ്ഫിഖു റഹീം പതിയെ ബംഗ്ലാദേശ് സ്കോര്‍ ഉയര്‍ത്തി. തൗഹീദ് ഹൃദോയി പുറത്തായ ശേഷം ഒന്നിച്ച് മുഷ്ഫിഖ് മഹ്മൂദുല്ല ജോഡി ബംഗ്ലാദേശ് സ്കോര്‍ 200 കടത്തി. 38 റണ്‍സെടുത്ത മുഷ്ഫിഖിനെ ബുംറ കൂടാരം കയറ്റി. അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു മഹ്മൂദുല്ലയെ അവസാന ഓവറില്‍ ബുറം തെറിപ്പിച്ചു. പിന്നീട് ഒമ്പതാമനായി ക്രീസിലെത്തിയ ഷൊരീഫുല്‍ ഇസ്ലാമാണ് സിക്സടിച്ച് ബംഗ്ലാദേശ് സ്കോര്‍ 250 കടത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ബൗളിങ്ങിനിടെ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ഓപണിങ് ബൗളർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിക്കറ്റ് കണ്ടെത്താൻ കഴിയാതിരുന്നതോടെ ഒന്നാം ബൗളിങ് ചെയ്ഞ്ചായി എത്തിയ പാണ്ഡ്യക്ക് മൂന്ന് പന്തെറിഞ്ഞ ശേഷം പരിക്കേൽക്കുകയായിരുന്നു. ഫോളോ അപ്പിനിടെ ലിട്ടൺ ദാസിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിൽ നിലത്തുവീണ താരം മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെയാണ് മൈതാനം വിട്ടത്. വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്.