ബംഗ്ലാദേശിനെ കറക്കി വീഴ്ത്തി അശ്വിൻ,നാല് വിക്കറ്റ് നഷ്ടം; വിജയ പ്രതീക്ഷയിൽ ടീം ഇന്ത്യ
രണ്ട്ദിനം ശേഷിക്കെ ബംഗ്ലാദേശിന് വിജയിക്കണമെങ്കിൽ 357 റൺസ് കൂടി നേടണം.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയ പ്രതീക്ഷയിൽ ടീം ഇന്ത്യ. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ മൂന്നാംദിനം കളി അവസാനിക്കുമ്പോൾ 158-4 എന്ന നിലയിലാണ് സന്ദർശകർ. രണ്ട് ദിവസം ശേഷിക്കെ ബംഗ്ലാദേശിന് വിജയിക്കാൻ 357 റൺസ് കൂടി വേണം. 51 റൺസുമായി ക്യാപ്റ്റൻ നജുമുൽ ഹുസൈൻ ഷാന്റോയും അഞ്ച് റൺസുമായി ഷാക്കിബ് അൽ ഹസനുമാണ് ക്രീസിൽ. ഇന്ത്യക്കായി ആർ അശ്വിൻ മൂന്നും ജസ്പ്രീത് ബുംറ ഒരുവിക്കറ്റും വീഴ്ത്തി.
Bad light brings an end to the day's play.
— BCCI (@BCCI) September 21, 2024
Bangladesh 158/4, need 357 runs more.
See you tomorrow for Day 4 action 👋
Scorecard - https://t.co/jV4wK7BgV2#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/7JWYRHXQuY
ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിങ് സഖ്യം 62 റൺസ് കൂട്ടിചേർത്തു. സാക്കിർ ഹസൻ (33), ശദ്മാൻ ഇസ്‌ലാം (35) റൺസെടുത്തും പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ നജ്മുൽ ഹുസൈൻ ഒരറ്റത്ത് ഉറച്ച് നിന്നെങ്കിലും സ്പിൻ കെണിയൊരുക്കി അശ്വിൻ വിക്കറ്റ് വീഴത്തി. മൊഹിമുൽ ഹഖിനേയും(13)മുഷ്ഫിഖുൽ റഹീമിനേയും(13) പുറത്താക്കി വെറ്ററൻ സ്പിന്നർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
നേരത്തെ മൂന്നിന് 81 എന്ന സ്‌കോറിൽ നിന്നാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ഋഷഭ് പന്തിന്റേയും ശുഭ്മാൻ ഗില്ലിന്റേയും സെഞ്ച്വറി കരുത്തിൽ ഇന്ത്യ നാലിന് 287 റൺസെന്ന സ്‌കോറിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 176 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം 119 റൺസുമായി ഗിൽ പുറത്താകാതെ നിന്നു. 128 പന്തിൽ 13 ഫോറും നാല് സിക്‌സും സഹിതം 109 റൺസെടുത്ത് റിഷഭ് പന്ത് പുറത്തായി. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ പന്ത് ശതകവുമായി തിരിച്ചുവരവ് ആധികാരികമാക്കുകയായിരുന്നു. കെ.എൽ രാഹുൽ 22 റൺസുമായി പുറത്താകാതെ നിന്നു.