'ഒരോവറിൽ അഞ്ച് സിക്‌സർ, മെന്റർക്ക് നൽകിയ ആ വാക്ക് ഞാൻ പാലിച്ചു'; സഞ്ജു സാംസൺ

രാജ്യാന്തര ടി20യിൽ ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്.

Update: 2024-10-12 18:28 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹൈദരാബാദ്: ഒരോവറിൽ അഞ്ച് സിക്‌സർ നേടുകയെന്നത് മെന്റർക്ക് താൻ നൽകിയ വാക്കായിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിൽ പ്ലെയർഓഫ്ദിമാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മലയാളിതാരം. ''അവസാന പരമ്പരകളിൽ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. ഇതോടെ തീർത്തും നിരാശനായി. എന്നാൽ തിരിച്ചുവരാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.  അടുത്ത പരമ്പരയിൽ ഒരോവറിൽ അഞ്ച് സിക്‌സർ നേടണം. എന്റെ മെന്റർ ആവശ്യപ്പെട്ടത് ഇതായിരുന്നു. അതിനായി ഞാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഞാൻ അക്കാര്യം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്- സഞ്ജു പറഞ്ഞു. റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിലാണ് തുടരെ സഞ്ജു അഞ്ചു സിക്‌സർ പറത്തിയത്. അതിവേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി സഞ്ജു. 


 ഡ്രസിങ് റൂമിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ചും സഞ്ജു വാചാലനായി. തന്റെ പ്രകടനം എന്നേക്കാൾ ഏറെ ആഹ്ലാദിപ്പിച്ചത് അവരെയാണ്.  പ്രകടനം മെച്ചപ്പെടുത്തണമെന്ന് പലപ്പോഴും സ്വയം തോന്നാറുണ്ട്. മത്സരങ്ങളിലെ സമ്മർദ്ദം അതിജീവിക്കാൻ താനിപ്പോൾ പഠിച്ചു കഴിഞ്ഞെന്നും താരം കൂട്ടിചേർത്തു. നിരവധി റെക്കോർഡുകളാണ് മത്സരത്തിൽ തകർന്നടിഞ്ഞത്. രാജ്യാന്തര തലത്തിലെ ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. 2023 സെപ്തംബർ 27ന് മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് അടിച്ചുകൂട്ടിയ നേപ്പാളിന്റെ പേരിലാണ് ഉയർന്ന ടി20 സ്‌കോർ റെക്കോർഡ്.

അതേസമയം, ടെസ്റ്റ് പദവിയുള്ള ടീമുകളിൽ മികച്ച സ്‌കോറാണിത്‌. ഇന്ത്യയുടെ ഉയർന്ന ടി20 സ്‌കോറും ഇതുതന്നെയാണ്. 2017 ഡിസംബറിൽ ശ്രീലങ്കക്കെതിരെ ഉയർത്തിയ 260 ആണ് മറികടന്നത്. 20 ഓവറിൽ 22 സിക്‌സറും 25 ഫോറും സഹിതമാണ് ഇന്ത്യ 297 റൺസ് അടിച്ചെടുത്തത്. പവർപ്ലെയിൽ ഇന്ത്യയുടെ ഉയർന്ന സ്‌കോറും(82-6) ബംഗ്ലാദേശിനെതിരെ പിറന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News