വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; ഗില്ലും രോഹിതും മടങ്ങി
യശ്വസി ജയ്‌സ്വാൾ അർധ സെഞ്ചുറിയുമായി ബാറ്റിങ് തുടരുന്നു.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ രണ്ടുവിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ നഷ്ടമായി. 14 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും 34 റൺസുമായി ശുഭ്മാൻ ഗിലുമാണ് പുറത്തായത്. ഓപ്പണർ യശ്വസി ജയ്‌സ്വാൾ അർധ സെഞ്ചുറിയുമായി ബാറ്റിങ് തുടരുന്നു. ശ്രേയസ് അയ്യരാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി രണ്ടാം ടെസ്റ്റിൽ അവസരം ലഭിച്ച ജെയിംസ് ആൻഡേഴ്‌സണും ഷൊഐബ് ബഷീറും വിക്കറ്റ് നേടി.
ഇന്ത്യക്കായി രജത് പടിദാർ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ കെ.എൽ രാഹുലിന് പകരമാണ് യുവതാരം ഇറങ്ങുന്നത്. ഇതോടെ ആദ്യ ടെസ്റ്റ് കളിക്കാൻ സർഫറാസ് ഖാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പടിദാറിന്റെ ഉൾപ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
ഇന്ത്യ: യശസ്വി ജെയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, ശ്രേയസ് അയ്യർ, കെ എസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാർ, കുൽദീപ് യാദവ്.
ഇംഗ്ലണ്ട്: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ലി, ഷൊയ്ബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.