കറക്കി വീഴ്ത്തി ഇംഗ്ലണ്ട്; റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച
73 റൺസെടുത്ത് യശസ്വി ജയ്സ്വാൾ പുറത്തായി
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 353 റൺസിന് മറുപടിയായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 164-5 എന്ന നിലയിലാണ്. 73 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് ടോപ് സ്‌കോറർ. പത്ത് റൺസുമായി സർഫറാസ് ഖാനും രണ്ട് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി സ്പിന്നർ ഷുഹൈബ് ബഷീർ നാല് വിക്കറ്റ് നേടി.
രണ്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് ആതിഥേയർക്ക് ആദ്യം നഷ്ടമായത്. ജെയിംസ് ആൻഡേഴ്‌സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫോക്‌സ് പിടിച്ച് പുറത്താക്കുകയായിരുന്നു. 38 റൺസെടുത്ത ശുഭ്മാൻ ഗിലിനെയും 17 റൺസെടുത്ത രജത് പടിദാറിനേയും ഇംഗ്ലണ്ട് യുവ സ്പിന്നർ ഷുഹൈബ് ബഷീർ വിക്കറ്റിന് മുന്നിൽ കുടുക്കി. 12 റൺസെടുത്ത രവീന്ദ്ര ജഡേജയേയും ബഷീർ മടക്കി. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. യുവ സ്പിന്നറുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു.
ടോട്ടൽ നാലിൽ നിൽക്കെ രോഹിതിനെ നഷ്ടമായ ഇന്ത്യൻ ഇന്നിങ്‌സിൽ ജയ്‌സ്വാൾ-ഗിൽ കൂട്ടുകെട്ടാണ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് മികച്ച അടിത്തറയൊരുക്കിയപ്പോഴാണ് ഗില്ലിനെ പുറത്താക്കി സന്ദർശകർ ബ്രേക്ക് ത്രൂ നേടുന്നത്. നേരത്തെ 302-7 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിംഗ് തുടർന്ന ഇംഗ്ലണ്ട് 352 റൺസിന് ഓൾ ഔട്ടായിരുന്നു. ആദ്യ അർധസെഞ്ചുറിയുമായി തകർത്തടിച്ച ഒലി റോബിൻസൺ(58) ആണ് ഇംഗ്ലണ്ടിനെ 350 കടത്തിയത്. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റുമെടുത്തു.