ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; 41കാരൻ ആൻഡേഴ്‌സൺ കളിക്കും
പരിക്കേറ്റ സ്പിന്നർ ജാക്ക് ലീച്ചിന് പകരം ഷുഐബ് ബഷീറും രണ്ടാം ടെസ്റ്റിൽ കളിക്കും.
വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മാർക്ക് വുഡിന് പകരം 41 വയസുകാരനായ പേസർ ജെയിംസ് ആൻഡേഴ്‌സൺ ഇംഗ്ലീഷ് ടീമിൽ ഇടം പിടിച്ചു. ഇന്ത്യയിൽ മികച്ച റെക്കോർഡുള്ള ആൻഡേഴ്‌സന്റെ സാന്നിധ്യം ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇംഗ്ലണ്ട്.
പരിക്കേറ്റ സ്പിന്നർ ജാക്ക് ലീച്ചിന് പകരം ഷുഐബ് ബഷീറും രണ്ടാം ടെസ്റ്റിൽ കളിക്കും. നേരത്തെ നാല് സ്പിന്നർമാരെ ഇറക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആൻഡേഴ്‌സന്റെ പരിചയസമ്പത്തിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ആദ്യ ടെസ്റ്റിന് സമാനമായി ഒരു പേസറും മൂന്ന് സ്പിന്നർമാരും അടങ്ങുന്നതാണ് ഇംഗ്ലണ്ട് നിര. ഇന്ത്യയുടെ അന്തിമ ഇലവൻ നാളെ മത്സരത്തിന് മുമ്പായാണ് പ്രഖ്യാപിക്കുക. പരിക്കേറ്റ കെഎൽ രാഹുലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇന്ത്യൻ നിരയിലുണ്ടാകില്ല. രാഹുലിന് പകരം സർഫറാസ് ഖാനോ രജിത് പടിദാറിനോ അവസരമൊരുങ്ങും. ജഡേജക്ക് പകരം കുൽദീപ് യാദവിനായിരിക്കും നറുക്ക് വീഴുക.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെൻ സ്റ്റോക്‌സ്(ക്യാപ്റ്റൻ) ബെൻ ഫോക്‌സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, ഷുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്‌സൺ.