ബുംബും ബുമ്ര, പോപ്പിനെ ക്ലീൻബൗൾഡാക്കി ബുമ്രയുടെ ഒന്നൊന്നര യോർക്കർ; വീഡിയോ കാണാം
ടെസ്റ്റിലെ പത്ത് ഇന്നിംഗ്‌സുകളിൽ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്.
വിശാഖപട്ടണം: അത്യുഗ്രൻ യോർക്കറുമായി നിരവധി തവണ വിസ്മയിപ്പിച്ച താരമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. എന്നാൽ വിശാഖപട്ടണം ടെസ്റ്റിൽ ഒലീ പോപ്പിന്റെ വിക്കറ്റ് പിഴുത ബൗളിങ് പ്രകടനം ഏറെ സ്‌പെഷ്യലാണ്. ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 26 കാരന്റെ സെഞ്ചുറിയായിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മധ്യനിര താരത്തിന്റെ വിക്കറ്റ് വേഗത്തിൽ വീഴ്ത്തണമായിരുന്നു. 23 റൺസിലെത്തിനിൽക്കെ ജസ്പ്രീത് ബുമ്രയുടെ അത്യുജ്വല ഇൻസ്വിങ് യോർക്കറിൽ പ്രതിരോധം പാളി പോപ്പ് കൂടാരം കയറുമ്പോൾ ഇന്ത്യയുടെ വിജയ പ്രതീക്ഷ കൂടിയാണ് അവിടെ തളിരിട്ടത്. ആ യോർക്കറിൽ പോപ്പ് മാത്രമല്ല...ഗ്യാലറിയും ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി. ബുമ്രയലിൽ നിന്ന് സ്ലോ ബോളോ ഷോർട്ട് ബോളോ ആണ് ഇംഗ്ലീഷ് താരം പ്രതീക്ഷിച്ചത്. യോർക്കറിന് മുന്നിൽ പുറത്തായതിന്റെ അവിശ്വസനീയതയും നിരാശയും ഇംഗ്ലീഷ് താരത്തിന്റ മുഖത്ത് കാണമായിരുന്നു.
ക്രീസിലെത്തിയ ഉടനെ പോപ്പിനെ പുറത്താക്കാൻ ഇന്ത്യക്ക് ആദ്യ പന്തിൽ തന്നെ അവസരം ലഭിച്ചതായിരുന്നു. ബെൻ ഡക്കറ്റ് പുറത്തായശേഷം ക്രീസിലെത്തിയ പോപ്പിനെ കുൽദീപ് യാദവിന്റെ പന്തിൽ സ്റ്റംപ് ചെയ്യാൻ കിട്ടിയ അവസരം പക്ഷെ വിക്കറ്റ് കീപ്പർ കെ എസ് ഭരതിന് മുതാലാക്കാനായില്ല. പിന്നീട് പകുത്തെ ഇന്നിങ്‌സ് പടുത്തുയർത്തുന്നതിനിടെയാണ് ബുമ്ര അവതരിച്ചത്.
BUMRAH DESERVES A SEPRATE AWARD FOR THIS MENTAL YORKER...!!! 🤯🔥pic.twitter.com/mtkf3D5E6s
— Mufaddal Vohra (@mufaddal_vohra) February 3, 2024
ടെസ്റ്റിലെ പത്ത് ഇന്നിംഗ്‌സുകളിൽ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്. ബുമ്രക്കെതിരെ 66 റൺസ് മാത്രമെ ഇതുവരെ പോപ്പിന് നേടാനായിട്ടുള്ളു. പോപ്പിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന ബൗളർമാരിൽ ന്യൂസിലൻഡിൻറെ നീൽ വാഗ്‌നർക്കൊപ്പമെത്താനും ഇതിലൂടെ ബുമ്രക്കായി.
പോപ്പിനെ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ മധ്യനിരയെ വേഗത്തിൽ പുറത്താക്കാനുമായി. ബെൻ സ്റ്റോക്‌സ്, ജോണി ബ്രെയിസ്‌റ്റോ എന്നിവരുടെ വിക്കറ്റുകളും വേഗത്തിൽ വീണതോടെ ഇംഗ്ലണ്ട് തകർച്ച നേരിട്ടു. ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റുകളാണ് ബുമ്ര നേടിയത്.