ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി: മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റൺസ് നേടിയത്. 63 പന്തിൽ പുറത്താകാതെ 126 റൺസാണ് ഗിൽ അടിച്ചെടുത്തത്.
അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റൺസാണ് നേടിയത്. 63 പന്തിൽ പുറത്താകാതെ 126 റൺസാണ് ഗിൽ അടിച്ചെടുത്തത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സ്‌കോർബോർഡിൽ ഏഴ് റൺസെ ഓപ്പണിങ് വിക്കറ്റിൽ പിറന്നുള്ളൂ. ടി20യിൽ മോശം ഫോമിൽ തുടരുന്ന ഇഷാൻ കിഷൻ നേരിട്ട മൂന്നാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്. ഒരു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ രണ്ടാം വിക്കറ്റിൽ ഇന്ത്യ കളി പിടിച്ചു. രാഹുൽ ത്രിപാഠിയും ശുഭ്മാൻ ഗില്ലും തകർത്ത് തന്നെ കളിച്ചു.
ക്രീസിനെ പരമാവധി ഉപയോഗിച്ച് ത്രിപാഠി അവസരം ഗംഭീരമാക്കിയപ്പോൾ ഇന്ത്യൻ സ്‌കോർ പറന്നു. എന്നാൽ അർദ്ധ സെഞ്ച്വറിക്ക് ആറ് റൺസ് അകലെ ത്രിപാഠി വീണു. ഇഷ് സോദിക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ സൂര്യകുമാർ തനത് ശൈലിയിലൂടെ മുന്നേറുന്നതിനിടെ ബ്രൈസ്വെൽ താരത്തെ പറന്ന് പിടികൂടി. 13 പന്തിൽ 24 റൺസായിരുന്നു താരത്തിന്റെ സാമ്പാദ്യം. എന്നാൽ മറുവശത്ത് ശുഭ്മാൻ ഗിൽ പതറിയില്ല. ന്യൂസിലാൻഡ് ബൗളർമാർക്കെല്ലാം കണക്കിന് കിട്ടി. നേരിട്ട 54ാം പന്തിലായിരുന്നു ഗില്ലിന്റെ സെഞ്ച്വറി.
63 പന്തിൽ നിന്ന് 12 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. നിരവധി അവസങ്ങള്‍ കിട്ടിയെങ്കിലും താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. നായകന്‍ ഹാർദിക് പാണ്ഡ്യ 17 പന്തിൽ 30 റൺസുമായി തിളങ്ങി. ന്യൂസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ, ഇഷ് സോദി, ബ്ലയർ ടിക്‌നർ, ബ്രേസ് വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.