ചിന്നസ്വാമിയിൽ മഴ കളി; ഇന്ത്യ-ന്യൂസിലാൻഡ് ആദ്യദിനം മഴമൂലം ഉപേക്ഷിച്ചു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ന്യൂസിലാൻഡ് പര്യടനം നിർണായകമാണ്
ബെംഗളൂരു: ഇന്ത്യ- ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലുമെറിയാതെയാണ് ആദ്യദിനം സ്റ്റമ്പെടുത്തത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാവിലെ മുതൽ മഴ ശക്തമായതോടെ ടോസ് പോലും ഇടാനായില്ല. മത്സരത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ബുധനാഴ്ച 9.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. രണ്ടാം സെഷനായിട്ടും മഴ തുടർന്നതോടെയാണ് ആദ്യ ദിവസത്തെ മത്സരം വേണ്ടെന്നുവെച്ചത്. കനത്ത മഴയെ അവഗണിച്ചും കളി കാണാൻ നിരവധി പേരാണ് സ്‌റ്റേഡിയത്തിലേക്കെത്തിയത്. അതേസമയം നാളെയും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.
നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 തൂത്തുവാരിയാണ് ഇന്ത്യയുടെ വരവ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ രോഹിത് ശർമക്കും സംഘത്തിനും ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കണം. നിലവിൽ ഇന്ത്യയാണ് ഒന്നാമത്. അടുത്തമാസം അവസാനം ആസ്‌ത്രേലിയക്കെതിരെ ബോർഡർ ഗവാസ്‌കർ ട്രോഫിയിലും ഇന്ത്യ കളിക്കും.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് , മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ന്യൂസിലാൻഡ് ടീം: ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, കെയ്ൻ വില്യംസൺ, മാർക്ക് ചാപ്മാൻ, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്‌നർ, റാച്ചിൻ രവീന്ദ്ര, ടോം ബ്ലണ്ടെൽ (വിക്കറ്റ് കീപ്പർ), അജാസ് പട്ടേൽ, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം ഒറൂർക്ക്, ജേക്കബ് ഡഫി.