കരുത്തുകാട്ടി സിറാജും ബുമ്രയും; കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച

എയ്ഡൻ മാർക്രം(2), അവസാന ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റൻ ഡീൻ എൽഗർ(4), ടോണി ഡിസോസി(2) എന്നിവരെ സിറാജ് പറഞ്ഞയച്ചു.

Update: 2024-01-03 09:15 GMT
Editor : Sharafudheen TK | By : Web Desk
Advertising

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ നിർണായക ടെസ്റ്റിൽ കരുത്തുകാട്ടി ഇന്ത്യൻ ബൗളർമാർ. ആദ്യ പത്ത് ഓവറിനിടെ ആതിഥേയർക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജസ്പ്രീത് ഭുമ്ര ഒരുവിക്കറ്റും സ്വന്തമാക്കി. എയ്ഡൻ മാർക്രം(2), അവസാന ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റൻ ഡീൻ എൽഗർ(4), ടോണി ഡിസോസി(2) എന്നിവരെ സിറാജ് പറഞ്ഞയച്ചു. ട്രിസ്റ്റൻ സ്റ്റബ്ഡിനെ(3) ബുമ്ര പുറത്താക്കി. സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്നിങ്‌സ് തോൽവി നേരിട്ട ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. എട്ട് റൺസുമായി ഡേവിഡ് ബെഡിങ്ഹാമും ഒരു റൺസുമായി കെയിൽ വെരെയ്‌നുമാണ് ക്രീസിൽ.

പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ബൗളർമാർ നൽകിയത്. പരിക്ക്മൂലം ക്യാപ്റ്റൻ ടെംബ ബാഹുമയില്ലാതെയാണ് പ്രോട്ടീസ് ഇറങ്ങിയത്. രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജ ആദ്യഇലവനിൽ സ്ഥാനംപിടിച്ചു.പരിശീലനത്തിനിടെ പരിക്കേറ്റ ഷർദുൽ ഠാക്കുർ ആരോഗ്യം വീണ്ടെടുത്തെങ്കിലും ടീമിൽ ഇടംപിടിച്ചില്ല. മുകേഷ് കുമാറാണ് പകരക്കാരൻ. തിരിച്ചടികൾ മറന്ന് പുതുവർഷത്തിൽ ശക്തമായി തിരിച്ചുവരുമെന്ന് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു.

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് തോൽവി വഴങ്ങിയിരുന്നു. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും സമ്പൂർണമായി പരാജയപ്പെട്ട ആദ്യ മത്സരത്തിൽ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലും രണ്ടാം ഇന്നിംഗ്‌സിൽ 76 റൺസടിച്ച വിരാട് കോലിയും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം നടത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News