ട്വന്റി 20 ലോക കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്തു
ഹർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ സൂര്യകുമാർ യാദവ് ബൗണ്ടറി ലൈനിൽ നിന്ന് പിടിച്ച അത്ഭുത ക്യാച്ച് മത്സരത്തിൽ നിർണായകമായി.
ബാർബഡോസ്: ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി ലൈനിനരികെ സൂര്യകുമാർ യാദവ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയപ്പോൾ ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റൺസിനാണ് വിജയം പിടിച്ചത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് എട്ട് റൺസെടുക്കാനാനേ ആയുള്ളൂ. സ്പിന്നർമാർ നിറം മങ്ങിയ മത്സരത്തിൽ പേസ് ബൗളർമാർ അവസരത്തിനൊത്തുയർന്നു. ഇന്ത്യയുടെ 177 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക പോരാട്ടം 20 ഓവറിൽ 169-8 എന്ന നിലയിൽ അവസാനിച്ചു. ഹെൻറിച് ക്ലാസൻ 52 റൺസുമായി പ്രോട്ടിയാസ് നിരയിലെ ടോപ് സ്‌കോററായി. ട്രിസ്റ്റൻ സ്റ്റബ്‌സ് (31), ക്വിന്റൺ ഡികോക്ക് (39) എന്നിവർ ചെറുത്തുനിന്നെങ്കിലും അവസാന ഓവറിൽ ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി കളിയിലെ താരമായി. ലോകകപ്പിലുടനീളം അത്യുഗ്രൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ ടൂർണമെന്റിലെ താരവുമായി.
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന വിരാട് കോഹ്ലി യുടെ മികവിൽ (59 പന്തിൽ 76) മികച്ച സ്‌കോറിലേക്കെത്തിയത്. അക്സർ പട്ടേൽ 31 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും നോർക്യെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ രോഹിത് ശർമ(9) വേഗത്തിൽ മടങ്ങി. കേശവ് മഹാരാജിന്റെ ഓവറിൽ ഹെന്റിച് ക്ലാസന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഋഷഭ് പന്ത് അനാവാശ്യ ഷോട്ടിന് ശ്രമിച്ച് കേശവ് മഹാരാജിന്റെ ഓവറിൽ പൂജ്യത്തിന് പുറത്തായി. മൂന്ന് റൺസുമായി സൂര്യകുമാർ യാദവും പുറത്തായതോടെ പവർപ്ലെയിൽ ഇന്ത്യ 45-3 എന്ന നിലയിൽ വൻ തകർച്ച നേരിട്ടു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി-അക്സർ പട്ടേൽ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി.
മികച്ച കളി പുറത്തെടുത്ത അക്സർ 31 പന്തിൽ നാല് സിക്സറും ഒരു ബൗണ്ടറിയും സഹിതം 47 റൺസെടുത്തു. ക്വിന്റൺ ഡി കോക്കിന്റെ ത്രോയിൽ റണ്ണൗട്ടാകുകയായിരുന്നു. എന്നാൽ ഒരറ്റത്ത് ചുവടുറപ്പിച്ച വിരാട് മോശം പന്തുകൾ മാത്രം നേരിട്ട് സ്‌കോറിംഗ് ഉയർത്തി. എന്നാൽ ഡെത്ത് ഓവറുകളിൽ വിശ്വരൂപം പുറത്തെടുത്ത കോഹ്ലി ഇന്നിങ്സ് വേഗമുയർത്തി. രണ്ട് സിക്സറും ആറു ബൗണ്ടറിയുമായി ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറിയും കുറിച്ചു. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി പഴികേട്ട ശിവം ദുബെ 16 പന്തിൽ 27 റൺസുമായി മികച്ച ഇന്നിങ്സ് കളിച്ചു. മൂന്ന് ഫോറും ഒരു സിക്സറും പായിച്ച ദുബെ ആൻ റിച് നോർക്യെ എറിഞ്ഞ അവസാന ഓവറിൽ മഹാരാജിന് ക്യാച്ച് നൽകി മടങ്ങി.