റിഷഭ് പന്തിന് കന്നി സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം, പരമ്പര

വലിയ തകർച്ച മുന്നിൽ നിൽക്കെ റിഷഭ് പന്ത് (113 പന്തിൽ 125) പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.

Update: 2022-07-17 17:54 GMT
Advertising

മാഞ്ചസ്റ്റർ: നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. വിജയിക്കാൻ വേണ്ടിയിരുന്ന 260 റൺസ് 42.1 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ പിന്തുടർന്നു. ഈ വിജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

രണ്ടാമാതായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കമായിരുന്നില്ല. ഒരു റൺസ് എടുത്ത ധവാൻ, 17 റൺസ് വീതം എടുത്ത രോഹിത് ശർമ്മ, കോഹ്ലി എന്നിവരെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. 16 റൺസ് എടുത്ത സൂര്യകുമാറിനും പിടിച്ചു നിൽക്കാൻ ആയില്ല. അതിനു ശേഷം ഹാർദിക്കും പന്തും കൂടി കളിയുടെ ഗതി മാറ്റി.

വലിയ തകർച്ച മുന്നിൽ നിൽക്കെ റിഷഭ് പന്ത് (113 പന്തിൽ 125) പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. ഹാർദിക് (55 പന്തിൽ 71) മികച്ച പിന്തുണ നൽകി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ജോസ് ബട്ലറുടെ (60) ഇന്നിംഗ്സാണ് ആശ്വാസമായത്. ഹാർദിക് പാണ്ഡ്യ നാല് വിക്കറ്റുമായി ബൗളർമാരിൽ തിളങ്ങി. യൂസ്വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇരുവരും പങ്കിട്ടിരുന്നു.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറിൽ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തിൽ ജേസൺ റോയ്ക്ക് ക്യാച്ച്. മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയായി. സ്ലിപ്പിൽ ജോ റൂട്ടിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങുന്നത്. കോലി തന്റെ മോശം ഫോം തുടരുകയാണ്. ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തിൽ ബാറ്റ് വച്ചാണ് കോലി മടങ്ങുന്നത്. സൂര്യകുമാറിനും (16) അധികം പിടിച്ചുനിൽക്കാനായില്ല. ക്രെയ്ഗ് ഓവർടോണിന്റെ പന്തിൽ ജോസ് ബട്ലർക്ക് ക്യാച്ച്. പിന്നീട പന്ത്- ഹാർദിക് സഖ്യം കൂട്ടിചർത്ത 133 റൺസാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകിയത്. 55 പന്തിൽ 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് ഹാർദിക് 71 റൺസ് നേടിയത്. എന്നാൽ ബ്രൈഡൺ കാർസിന്റെ പന്തിൽ ബെൻ സ്റ്റോക്സിന് ക്യാച്ച് നൽകി ഹാർദിക് മടങ്ങി.

ഹാർദിക് മടങ്ങിയെങ്കിലും പന്ത് വിജയം പൂർത്തിയാക്കി. ഇതിനിടെ പന്ത് കരിയറിലെ ആദ്യ സെഞ്ച്വറിയും ആഘോഷിച്ചു. 113 പന്തിൽ 16 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഡേവിഡ് വില്ലിയെറിഞ്ഞ 42-ാം ഓവറിൽ അഞ്ച് ബൗണ്ടറികളാണ് പന്ത് നേടിയത്. തൊട്ടടുത്ത ഓവറിൽ വിജയവും പരമ്പരയും. രവീന്ദ്ര ജഡേജ (7) പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ 12 റൺസ് നേടി ഓപ്പണർ ജേസൺ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ കളി മാറി. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബുംറയ്ക്ക് പകരം ടീമിലിടം നേടിയ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഓപ്പറായ ജോണി ബെയർസ്റ്റോയെ റൺസെടുക്കും മുമ്പ് സിറാജ് മടക്കി. സിറാജിന്റെ പന്തിൽ ബൗണ്ടറിനേടാൻ ശ്രമിച്ച ബെയർസ്റ്റോയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ പന്ത് ഉയർന്നുപൊന്തി. പകരക്കാരനായ ശ്രേയസ്സ് അയ്യർ ഇത് അനായാസം കൈയ്യിലൊതുക്കി.

പിന്നാലെ വന്ന ജോ റൂട്ട് വീണ്ടും നിരാശപ്പെടുത്തി. റൺസെടുക്കുംമുൻപ് താരത്തെ സിറാജ് സ്ലിപ്പിൽ നിന്ന രോഹിത് ശർമയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 12 ന് രണ്ട് എന്ന നിലയിലേക്ക് വീണു. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ജേസൺ റോയ്-ബെൻ സ്റ്റോക്സ് സഖ്യം വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയെങ്കിലും ഹാർദിക് പാണ്ഡ്യയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ടീം സ്‌കോർ 66-ൽ നിൽക്കേ 31 പന്തുകളിൽ നിന്ന് 41 റൺസെടുത്ത ജേസൺ റോയിയെ മടക്കി ഹാർദിക് ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ 29 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ബെൻ സ്റ്റോക്സിനെ മികച്ച ഒരു ബൗൺസറിലൂടെ മടക്കി ഹാർദിക് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ ഇംഗ്ലണ്ട് 74 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. നാല് വിക്കറ്റ് വീണതോടെ നായകൻ ജോസ് ബട്ലറും ഓൾറൗണ്ടർ മോയിൻ അലിയും ക്രീസിലൊന്നിച്ചു. മികച്ച കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ നയിച്ചു. ഇതോടെ ഇന്ത്യ പരുങ്ങലിലായി. അഞ്ചാം വിക്കറ്റിൽ അലിയും ബട്ലറും ചേർന്ന് 75 റൺസാണ് കൂട്ടിച്ചേർത്തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന് ജീവൻ പകരുന്ന പ്രകടനമാണ് ഇവർ നൽകിയത്. ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാൻ രോഹിതിന് സാധിച്ചില്ല.

ഒടുവിൽ അതുവരെ ബൗൾ ചെയ്യാതിരുന്ന രവീന്ദ്ര ജഡേജയെ രോഹിത് പന്തേൽപ്പിച്ചു. അത് ഫലം കാണുകയും ചെയ്തു. തന്റെ ആദ്യ ഓവറിൽ തന്നെ മോയിൻ അലിയെ മടക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തുകളിൽ നിന്ന് 34 റൺസെടുത്ത അലിയെ ജഡേജ റിഷഭ്‌ പന്തിന്റെ കൈയ്യിലെത്തിച്ചു. അലി മടങ്ങിയിട്ടും ബട്ലർ ഫോം തുടർന്നു. വൈകാതെ താരം അർധസെഞ്ചുറി നേടി. 64 പന്തുകളിൽ നിന്നാണ് ബട്ലർ അർധശതകം കുറിച്ചത്. മോയിൻ അലിയ്ക്ക് പകരം വന്ന ലിയാം ലിവിങ്സ്റ്റൺ അതിവേഗം സ്‌കോർ  ഉയർത്തി. ബട്ലറും ലിവിങ്സ്റ്റണും 49 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

എന്നാൽ ഹാർദിക് പാണ്ഡ്യയെ വീണ്ടും പന്തേൽപ്പിച്ച് രോഹിത് ഈ കൂട്ടുകെട്ടും പൊളിച്ചു. 31 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ലിവിങ്സ്റ്റണെ ഹാർദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. അതേ ഓവറിൽ തന്നെ ബട്ലറെയും മടക്കി ഹാർദിക് വീണ്ടും ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചെലുത്തി. 80 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 60 റൺസെടുത്ത ബട്ലറെയും ഹാർദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. ബട്ലർ പുറത്താകുമ്പോൾ ഇംഗ്ലണ്ട് ഏഴുവിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്.

അവസാന ഓവറുകളിൽ ക്രെയ്ഗ് ഓവർട്ടൺ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 250 കടന്നു. വൈകാതെ താരത്തെ ചാഹൽ കോലിയുടെ കൈയ്യിലെത്തിച്ചു. 33 പന്തുകളിൽ നിന്ന് 32 റൺസാണ് ഓവർട്ടണിന്റെ സമ്പാദ്യം. പിന്നാലെ റീസ് ടോപ്ലിയെ ക്ലീൻ ബൗൾഡാക്കി ചാഹൽ ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു. ബ്രൈഡൺ കാഴ്സ് പുറത്താവാതെ (3) നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News