മിടുമിടുക്കോടെ ഇന്ത്യൻ ബൗളർമാർ, എതിർ ടീമുകൾ പാടുപെടും
മത്സരങ്ങളിൽ എതിർ ടീം ബാറ്റർമാർ നിലയുറപ്പിക്കുമ്പോൾ കൃത്യമായി ബ്രേക്ക്ത്രൂകൾ നൽകാൻ ബൗളർമാർക്കാകുന്നു
പൂനെ: ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ . മത്സരിച്ച എല്ലാ മത്സരങ്ങളിലും മികച്ച വിജയങ്ങളാണ് ടീം നേടിയത്. ഈ വിജയത്തിന് മാറ്റുകൂട്ടുന്നതാണ് ടൂർണമെന്റിലെ ഇന്ത്യന്‍ ബൗളർമാരുടെ ഇതുവരെയുള്ള പ്രകടനങ്ങളും.
ടൂർണമെന്റിൽ ഇതുവരെ മത്സരിച്ച മൂന്ന് കളികളിലും സമഗ്ര ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയങ്ങൾ നേടിയെടുത്തത്. അതിൽ എടുത്തു പറയേണ്ടതാണ് ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. മൂന്ന് മത്സരങ്ങളിലായി ആകെ 142 ഒവറുകൾ ഇന്ത്യൻ ബൗളർമാർ എറിഞ്ഞു. 648 റൺസ് ആകെ വഴങ്ങിയപ്പോൾ 4.55 ഇക്കണോമിയിൽ എതിരാളികളുടെ 28 വിക്കറ്റ് വീഴ്ത്താൻ ബൗളിങ് നിരക്കായി.
മത്സരങ്ങളിൽ എതിർ ടീം ബാറ്റർമാർ നിലയുറപ്പിക്കുമ്പോൾ കൃത്യമായി ബ്രേക്ക്ത്രൂകൾ നൽകാൻ ബൗളർമാർക്കാകുന്നു. അവസാന മത്സരത്തിൽ പാകിസ്താനെതിരെയും ഇത് കണ്ടതാണ്.
പാക് നായകൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഒരുഘട്ടത്തിൽ മത്സരത്തിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ബാബറിനെ സിറാജ് മടക്കിയതോടെ മത്സരം ഇന്ത്യയുടെ കൈകളിലായി. ഈ വിക്കറ്റിന് ശേഷം അതിവേഗമായിരുന്നു ഇന്ത്യൻ ബൗളർമാർ പാക് ബാറ്റർമാരെ പവലിയനില്‍ എത്തിച്ചത്.
ഷർദുൽ ഒഴിച്ച് ബാക്കി എല്ലാ ബൗളർമാരും മത്സരത്തിൽ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരിക്ക് മറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറക്ക് പഴയതിലും വീര്യമുണ്ട് ഇപ്പോൾ. താരത്തിന്റെ ഓരോ ഡെലിവറികളിലും എതിർ ബാറ്റർമാർ കുഴയുന്ന കാഴ്ചയാണ് കാണുന്നത്. മറ്റൊരു പേസറായ സിറാജ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു.
സ്പിന്നർമാരായ രവീന്ദ്ര ജഡേജ കുൽദീപ് യാദവ് സഖ്യം വിക്കറ്റ് നേട്ടത്തിന് പുറമെ റൺ ഒഴുക്കിന് തടയിടുന്നു. ഈ നാല് പേർക്ക് പുറമെ ഓൾ റൗണ്ടർമാരായ ഹർദിക്കും ഷർദുലും ടീമിലുള്ളത് ഇന്ത്യൻ ബൗളിങ്ങിന് കൂടുതൽ കരുത്ത് നൽകുന്നു. സ്പിന്നർ ആർ.അശ്വിൻ ഒരു മത്സരത്തിലാണ് ആകെ ഇറങ്ങിയത്. സീനിയർ പേസറായ മുഹമ്മദ് ഷമിക്ക് ഇതുവരെ ഒരു മത്സരത്തിനും ഇറങ്ങാനും പറ്റിയിട്ടില്ല. ഇരുവരും ഇല്ലാതെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നത് ഇന്ത്യയുടെ ബൗളിങ് ശക്തിയാണ് കാണിക്കുന്നത്.