ഡിമാൻഡുകൾ ബി.സി.സി.ഐ അംഗീകരിച്ചു; ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീർ

ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയും

Update: 2024-06-16 17:12 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്തിയേക്കും.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. താരം മുന്നോട്ടുവെച്ച ഡിമാൻഡുകൾ ബി.സി.സി.ഐ തത്വത്തിൽ അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് ദ്രാവിഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫായി താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീർ മുന്നിൽവെച്ച പ്രധാന ഉപാധി. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ സപ്പോർട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവർ രാഹുൽ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴാണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി എത്തിയത്. പിന്നീട് ദ്രാവിഡ് പരിശീലകനായപ്പോഴും റാത്തോഡ് തുടരുകയായിരുന്നു.

സപ്പോർട്ട് സ്റ്റാഫിന് പുറമെ ടീമിലും ചില നിർണായക മാറ്റങ്ങൾക്ക് ഗംഭീർ നിർദേശിച്ചതായും വാർത്തയുണ്ട്. കഴിഞ്ഞ സീസണിൽ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായെത്തിയ ഗംഭീർ, കെ.കെ.ആറിനെ കിരീടത്തിലെത്തിച്ചിരുന്നു. ചെന്നൈയിൽ നടന്ന ഐ.പി.എൽ ഫൈനലിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായും ഗംഭീറും തമ്മിൽ കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ പരിഗണിക്കുന്ന കാര്യം ബലപ്പെട്ടത്. നേരത്തെ വിദേശ പരിശീലകരെ ബിസിസിഐ നോട്ടമിട്ടിരുന്നെങ്കിലും റിക്കി പോണ്ടിങും സ്റ്റീഫൻ ഫ്‌ളെമിങുമടക്കമുള്ള മുൻ താരങ്ങൾ പിൻമാറുകയായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News