'ഇത് രാജ്യത്തിനായി ചെയ്യണം'; ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഒരുപടി കൂടി അടുത്ത് ഗംഭീർ

പരിശീലക സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും ഷാറൂഖ് ഖാന്റേയും പേരിൽ നിരവധി വ്യാജ അപേക്ഷകളാണ് ബി.സി.സി.ഐക്ക് ലഭിച്ചത്.

Update: 2024-05-28 14:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആരെത്തും. പലപേരുകളും ഉയർന്നുകേട്ടെങ്കിലും ചർച്ച എവിടെയുമെത്തിയില്ല. പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ട് ബി.സി.സി.ഐ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയത് 3400 പേരാണ്. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റേയും പേരിൽപോലും വ്യാജ അപേക്ഷകളെത്തിയതോടെ ബി.സി.സി.ഐ വെട്ടിലായി. ഇതിന് പുറമെ സച്ചിൻ ടെണ്ടുൽക്കറിന്റേയും വിരേന്ദ്രർ സേവാഗിന്റേയും എം.എസ് ധോണിയുടേയും പേരിലും വ്യാജ അപേക്ഷകളെത്തി. സൂക്ഷ്മ പരിശോധനക്ക് ശേഷമാകും ബി.സി.സി.ഐ അന്തിമ പട്ടികയിലേക്കെത്തുക. ആരൊക്കെയാണ് അപേക്ഷിച്ചവരെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ബോർഡ് ഇതുവരെ തയാറായിട്ടില്ല.

അതേസമയം, പരിശീലക സ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുള്ളത് ഗൗതം ഗംഭീറാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വിരൽചൂണ്ടുന്നതും ഇതിലേക്കാണ്. ഇന്ത്യൻ പ്രീമിയർലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കാണ് ഈ ഡൽഹിക്കാരൻ നടത്തിയത്. ഐ.പി.എല്ലിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ജയ് ഷാ ഗംഭീറിനോട് പറയുകയും ചെയ്തു. ഇത് നമുക്ക് രാജ്യത്തിന് വേണ്ടി ചെയ്യണമെന്നാണ് ഗംഭീറിനോട് പറഞ്ഞത്. എന്നാൽ പരിശീലന റോളിലെത്താൻ ഗംഭീറിന് താൽപര്യമുണ്ടെന്നാണ് റിപ്പോർ ്ട്ടുകൾ. ഐ.പി.എല്ലിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം പറയാമെന്നാണ് ഗംഭീർ പറഞ്ഞിരുന്നത്.

നേരത്തെ ഓസീസ് മുൻ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവരെയും ന്യൂസിലാൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്‌ളെമിങ് എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും ഇവർ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ വിദേശ പരിശീലകരെ പരിഗണിക്കുന്നില്ലെന്ന നിലപാടുമായി ജയ്ഷാ രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് ധാരണയുള്ളവരെയാകും പരിഗണിക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുന്ന ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News