പന്ത് എവിടെ? ബാറ്ററുടെ പാഡിൽ കുടുങ്ങിയ പന്തിനായി 'ഉന്തും തള്ളും'; ഡ്രസിങ് റൂമിൽ പൊട്ടിച്ചിരി
രസകരമായാണ് പാക് ബാറ്ററും ശ്രീലങ്കൻ വിക്കറ്റ് കീപ്പറും നേരിട്ടതെങ്കിലും റൺഔട്ടിനുള്ള സാധ്യതയുണ്ടായിരുന്നു
ഗാലെ: പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്തിനായി 'ഉന്തും തള്ളും'. പാകിസ്താൻ ഇന്നിങ്‌സിനിടെയായിരുന്നു എല്ലാവരെയും ചിരിപ്പിച്ച സംഭവം. രസകരമായാണ് പാക് ബാറ്ററും ശ്രീലങ്കൻ വിക്കറ്റ് കീപ്പറും നേരിട്ടതെങ്കിലും റൺഔട്ടിനുള്ള സാധ്യതയുണ്ടായിരുന്നു. പാകിസ്താന്റെ ആദ്യ ഇന്നിങ്‌സിന്റെ 120ാം ഓവറിലാണ് സംഭവം. അബ്രറാര്‍ അഹമ്മദായിരുന്നു ക്രീസിൽ.
രമേഷ് മെൻഡിസ് എറിഞ്ഞ പന്തിനെ കട്ട് ചെയ്യാനായിരുന്നു അബ്രാറിന്റെ ശ്രമം. എന്നാൽ അപാരമായി തിരിഞ്ഞുവന്ന പന്ത് അബ്രാറിന്റെ പാഡിന്റെ ഉള്ളിൽ കയറുകയായിരുന്നു. പിന്നാലെ ശ്രീലങ്ക ഔട്ടിനായി അപ്പീൽ ചെയ്തു. അമ്പയർ കുലുങ്ങുന്നില്ലെന്ന് കണ്ടെപ്പോൾ പന്ത് പിടിക്കാനായി ശ്രീലങ്കൻ വിക്കറ്റ് കീപ്പർ സദീര സമരവിക്രമയുടെ ശ്രമം. വിക്കറ്റ് കീപ്പറുടെ ശ്രമം പുറംകൊണ്ട് അബ്രാറും ചെറുത്തു. ഇതിനിടെ പന്ത് പാഡിന്റെ ഉള്ളിൽ നിന്ന് താഴെ വീണു.
പന്ത് കൈപ്പിടിയിലൊതുക്കാനുള്ള വിക്കറ്റ് കീപ്പറുടെ ശ്രമം തടയുമ്പോൾ അബ്രാര്‍ ചിരിക്കുന്നുണ്ടായിരുന്നു. കണ്ടുനിന്നവർക്കും ചിരിയടക്കാതിരിക്കാൻ കഴിഞ്ഞില്ല. പാകിസ്താൻ ഡ്രസിങ് റൂമിലുള്ളവരും ചിരിക്കുന്നുണ്ടായിരുന്നു. വീഡിയോ പിന്നീട് സമൂഹാമാധ്യമങ്ങളിൽ തരംഗമായി. അതേസമയം മത്സരത്തിലേക്ക് വന്നാൽ പാകിസ്താൻ വിജയിക്കാവുന്ന ഘട്ടത്തിലാണ്. ഒരു ദിവസവും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ പാകിസ്താന് ജയിക്കാൻ 115 റൺസ് മതി. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് 312ന് അവസാനിച്ചപ്പോൾ പാകിസ്താന്റെ മറുപടി 461 റൺസായിരുന്നു.
ഇരട്ട സെഞ്ച്വറി നേടിയ സൗദ് ശക്കീലാണ് പാകിസ്താന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം ഇന്നിങ്‌സിലും ശ്രീലങ്കയ്ക്ക് അടിതെറ്റി, 279ന് പുറത്ത്. 131 റൺസ് വിജയലക്ഷ്യമാണ് പാകിസ്താന് മുന്നിൽ ശ്രീലങ്ക വെച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 20 റൺസെന്ന നിലയിലാണ്.