എറിഞ്ഞിട്ട് ഠാക്കൂർ; നിർണായക മത്സരത്തിൽ പഞ്ചാബിൽ നിന്ന് ജയം പിടിച്ചു വാങ്ങി ഡൽഹി
ജയത്തോടെ ഡൽഹിയുടെ പ്ലേ ഓഫ് സാധ്യത തെളിഞ്ഞു
നിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹിക്ക് 17 റൺസ് ജയം. ഡൽഹി ഉയർത്തിയ 159 എന്ന സ്‌കോർ മറികടക്കാൻ പഞ്ചാബിനായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന് 142 റൺസെടുക്കാനെ ആയുള്ളൂ. ജയത്തോടെ ഡൽഹിയുടെ പ്ലേ ഓഫ് സാധ്യത തെളിഞ്ഞു. നാല് വിക്കറ്റെടുത്ത ഷർദുൽ ഠാക്കൂറാണ് പഞ്ചാബിന്റെ സെമി സാധ്യതകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്.
പഞ്ചാബിനായി ജോണി ബ്രെയിൻസ്‌റ്റോയും ശിഖർ ദവാനും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ടീം 38 ൽ നിൽക്കെ 28 റൺസെടുത്ത ബ്രെയിൻസ്റ്റോയെ നോർട്‌ജെ പുറത്താക്കി. 53 ൽ നിൽക്കെ പിന്നാലെ എത്തിയ രജപക്‌സയും മടങ്ങി. ഇവിടം മുതൽ പഞ്ചാബിന്റെ കഷ്ടകാലം ആരംഭിച്ചു. സ്‌കോർ 82 ആവുമ്പോഴേക്ക് ഏഴു പേരാണ് കൂടാരം കയറിയത്. ജിതേഷ് ശർമയും (44) രാഹുൽ ചഹാറുമാണ് (17) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. റബാഡയും ചഹാറും വാലറ്റത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പഞ്ചാബിനായി അകസർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്ക്റ്റ് വീതം വീഴ്ത്തി.
നേരത്തെ മിച്ചൽ മാർഷിന്റെ ഒറ്റയാൾ പോരാ കരുത്തിൽ ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 159 റൺസ് നേടി. 48 ബോളിൽ നാല് ഫോറും മൂന്ന് സിക്സറിന്റെയും അകമ്പടിയോടെ 63 റൺസാണ് മാർഷിന്റെ സംഭാവന.
ഡേവിഡ് വാർണറിനെ പൂജ്യത്തിന് മടക്കി രാഹുൽ ചഹാറിലൂടെ പഞ്ചാബാണ് കളിയുടെ തുടക്കത്തിൽ ആദിപത്യം ഉറപ്പിച്ചത്. തുടർന്ന് സർഫ്രാസ് ഖാന്റെയും മിച്ചൽ മാർഷും ഡൽഹിക്കായി ആഞ്ഞടിച്ചു. സ്‌കോർ 51 ൽ നിൽക്കെ 16 പന്തിൽ 32 റൺസ് നേടിയ സർഫ്രാസ് പുറത്തായി. മാർഷിനൊപ്പം ലളിത് യാദവ് പൊരുതിയെങ്കിലും സ്‌കോർ 98 ൽ നിൽക്കെ ലളിതും വീണു. തുടർന്ന് ഗ്രീസിലെത്തിയ ക്യാപ്റ്റൻ പന്തും 7 റൺസിൽ മടങ്ങി.
മികച്ച ഫോമിൽ നിൽക്കെ റിഷി ദവാൻ മാർഷിനെ മടക്കി. വാലറ്റത്ത് ഷർദുൽ ഠാക്കൂറിനെ കൂട്ടുപിടിച്ച് അക്സർ പട്ടേല് അടിച്ചെങ്കിലും 17 റൺസിൽ അക്സർ പുറത്തായതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണും അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റബാഡ ഒരുവിക്കറ്റ് നേടി. ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.