'അയ്യർ ദ ഗ്രേറ്റ്'; മുംബൈക്ക് ജയിക്കാൻ 186
വെങ്കിടേഷ് അയ്യരുടെ സെഞ്ചുറിയുടെ കരുത്തിലാണ് കൊൽക്കത്ത മികച്ച സ്‌കോർ കണ്ടെത്തിയത്
മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത ക്‌നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ. വെങ്കിടേഷ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന സ്‌കോർ കണ്ടെത്തിയത്.
കളിയുടെ തുടക്കത്തിലെ ആക്രമിച്ച് കളിക്കാൻ കൊൽക്കത്ത ശ്രമിച്ചെങ്കിലും രണ്ടാം ഓവറിൽ റഹ്മാനുള്ള ഗുർബാസിനെ ദുഅൻ ജാൻസെൻ വീഴ്ത്തി. അവിടുംമുതലാണ് മുംബൈയുടെ കഷ്ടകാലം ആരംഭിച്ചത്. ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ മുംബൈ ഫീൽഡർമാരെ തലങ്ങും വിലങ്ങും പായിച്ചു. കൂടെയുള്ളർ കുറഞ്ഞ റൺസിന് കളിമതിയാക്കി തിരിച്ചുകയറിയപ്പോഴെല്ലാം വെങ്കിടേഷ് തന്റെ റൺവേട്ട തുടർന്നു. ടീം 57ൽ നിൽക്കെ അഞ്ച് ബോൾ നേരിട്ട് ജഗതീശൻ കൂടാരം കയറി. ഗ്രീനാണ് വില്ലനായത്. വെങ്കിടേഷിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും ഉയർത്തിയടിച്ച റാണ രമൺദീപിന്റെ കയ്യിൽ അവസാനിച്ചു.
തുടർന്ന് ക്രീസിലെത്തി ഷർദുൽ ഠാക്കൂർ 13 റൺസെടുത്ത് പുറത്തായി. കൊൽക്കത്തയുടെ സ്റ്റാർ പ്ലെയർ റിങ്കുവിനൊപ്പമായിരുന്നു പിന്നീട് വെങ്കിടേഷിന്റെ ആക്രമണം. എന്നാൽ 104 റൺസിൽ നിൽക്കെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വെങ്കിടേഷ് ജൻസെന്റെ കയ്യിൽ ഒതുങ്ങി. 51 ബോളിൽ ആറ് ഫോറും ഒൻപത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംങ്‌സ്. വാലറ്റത്ത് റിങ്കുവും ആൻഡ്രെ റസലും ചേർന്ന് മുംബൈയെ പതുക്കെ ആക്രമിച്ചു. എന്നാൽ 17 ബോളിൽ 18 റൺസ് എടുത്ത് റിങ്കുവും കൂടാരം കയറി. മൂന്ന് ഫോറിന്റെ അകമ്പടിയോടെ 11 പന്തിൽ 21 റൺസെടുത്ത് റസൽ വാലറ്റത്ത് ആക്രമിച്ച് കളിച്ചതോടെ 185 റൺസിൽ കൊൽക്കത്തയുടെ ബാറ്റിങ് അവസാനിച്ചു.
മുംബൈക്കായി ഹൃത്വിക് ഷൊക്കീൻ രണ്ട് വിക്കറ്റും പിയൂഷ് ചൗള, റിലേ മറെഡിത്ത്, കാമറൂൺ ഗ്രീൻ, ജൻസെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. രണ്ട് ഓവർ എറിഞ്ഞ അർജുൻ 17 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.