സ്‌ട്രൈക്ക് റേറ്റല്ല,വേണ്ടത് സിംഹത്തിന്റെ കരളുറപ്പ്; കോഹ്‌ലിയെ പിന്തുണച്ച് മുഹമ്മദ് കൈഫ്
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഹാരിസ് റൗഫിനെ കോഹ്‌ലി പറത്തിയ സിക്‌സർ ഓർമിപ്പിച്ചാണ് കൈഫ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
ഡൽഹി: 17ാം ഐപിഎല്ലിൽ റൺ വേട്ടക്കാരിൽ ഒന്നാമതാണ് വിരാട് കോഹ്‌ലി. 10 മത്സരങ്ങളിൽ നിന്നായി 500 റൺസാണ് സമ്പാദ്യം. മികച്ച ഫോമിൽ ബാറ്റ് വീശുമ്പോഴും വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്തെത്തുകയാണ്. താരത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റ് ഊന്നിയാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
അതേസമയം, വിരാടിനെതിരായ വിമർശനങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഹാരിസ് റൗഫിനെ കോഹ്‌ലി പറത്തിയ സിക്‌സർ ഓർമിപ്പിച്ചാണ് കൈഫ് സമൂഹമാധ്യമങ്ങളിൽ പിന്തുണയുമായെത്തിയത്. 'സ്‌ട്രൈക്ക് റേറ്റ് മാത്രമല്ല ട്വന്റി 20 ക്രിക്കറ്റെന്ന് കോഹ്‌ലി വീണ്ടും തെളിയിക്കുന്നു. തിങ്ങിനിറഞ്ഞ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഹാരിസ് റൗഫിനെ ലോകകപ്പിൽ സിക്‌സർ പറത്താനും കളി ഫിനിഷ് ചെയ്യാനും വേണ്ടത് സിംഹത്തിന്റെ കരളാണ്. അല്ലാതെ സ്‌ട്രൈക്ക് റേറ്റല്ല. ഈ ഐപിഎൽ സീസണിലും കോഹ്‌ലി അതേ ഫോമിലാണ്.-കൈഫ് എക്‌സിൽ കുറിച്ചു.
Virat Kohli once again shows T20 cricket isn't just about strike rate. To hit Haris Rauf for 6 at World T20 at a packed MCG and finish the game you need Sher ka Jigar not SR. Kohli is in same mode in this IPL.
— Mohammad Kaif (@MohammadKaif) April 28, 2024
മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തിന് ശേഷം വിമർശകർക്ക് ചുട്ടമറുപടിയുമായി മുൻ ഇന്ത്യൻ നായകൻ രംഗത്തെത്തുകയും ചെയ്തു. 'എന്റെ സ്‌ട്രൈക്ക്‌റേറ്റ് കുറവെന്നും സ്പിന്നിനെതിരെ നന്നായി കളിക്കുന്നില്ലെന്നും പറയുന്നവർക്ക് അതിൽ ആനന്ദമുണ്ടാകും. എന്നെ സംബന്ധിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയെന്നതാണ് പ്രധാനം. പോയ 15 വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ആളുകൾക്ക് കളിയെകുറിച്ച് അവർത്ത് തോന്നുന്നത് പറയാമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവർക്ക് ഗ്രൗണ്ടിലെ സാഹചര്യം അറിയണമെന്നില്ലെന്നും കോഹ്ലി പറഞ്ഞു. സീസണിൽ 500 റൺസുമായി കുതിക്കുകയാണ് താരം. പത്തുമത്സരങ്ങളിൽ നിന്നായി 147.49 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റുവീശിയത്.