അഹമ്മദാബാദിൽ കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി;ആർ.സി.ബി പരിശീലന സെഷൻ റദ്ദാക്കി
നാല് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിനെതിരായ നിർണായക എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി പരിശീലന സെഷനും പത്രസമ്മേളനവും റദ്ദാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് നടപടി. ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടിലാണ് പരിശീലനത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഭീഷണിയുണ്ടായതോടെ റദ്ദാക്കാൻ ഗുജറാത്ത് പൊലീസ് നിർദേശിക്കുകയായിരുന്നു. അഹമ്മദാബാദിൽ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
ആർ.സി.ബിയുടെ ടീം ഹോട്ടലിന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ശക്തമാക്കി. പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ഒഫീഷ്യലുകൾക്ക് പോലും ടീം ഹോട്ടലിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന് പരിശീലന ഗ്രൗണ്ടിലെത്താൻ 'ഗ്രീൻ കോറിഡോർ' തയാറാക്കിയതായാണ് വിവരം. ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, റിയാൻ പരാഗ് തുടങ്ങി താരങ്ങൾ ഹോട്ടലിൽ താമസിക്കാനും പരിശീലന സെഷൻ നഷ്ടപ്പെടുത്താനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസൺ വൈകിയാണ് ഗ്രൗണ്ടിലെത്തിയത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. ആദ്യ ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ സൺറൈസേഴ്സ് ഹൈദരബാദാണ് എതിരാളി. അഹമ്മദാബാദിൽ മഴ പെയ്യാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം.