രാജസ്ഥാനെതിരെ വീണ്ടും അമ്പയറിങ് അബദ്ധം; രോഷാകുലനായി സംഗാക്കര
നേരത്തെയും ഐ.പി.എല്ലിൽ അമ്പയർ തീരുമാനം വിവാദമായിരുന്നു.
അഹമ്മദാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ വിടാതെ അമ്പയറിങിലെ അബദ്ധം. ഇത്തവണ എൽ.ബി.ഡബ്ലുവിലാണ് വിഴവു വന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണായക എലിമിനേറ്റർ മത്സരത്തിനിടെയാണ് അമ്പയറിങ് അബദ്ധമുണ്ടായത്. ആർ.സി.ബി ഇന്നിങ്‌സിലെ 15ാം ഓവറിലാണ് ദിനേശ് കാർത്തികിനെതിരെ എൽ.ബി.ഡബ്ലു അപ്പീൽ വന്നത്. ആവേശ് ഖാൻ എറിഞ്ഞ ഓവറിൽ രജത് പടിദാർ ഔട്ടായതിന് പിന്നാലെയാണ് ഡി.കെ ക്രീസിലെത്തിയത്.
നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി. ആവേശിന്റെ അപ്പീൽ മലയാളി അമ്പയർ കെ എൽ അനന്തപത്മനാഭൻ ഔട്ട് വിളിച്ചു. എന്നാൽ നോൺ സ്‌ട്രൈക്കിങ് എൻഡിലുള്ള മഹിലാൽ ലോംറോറുമായി ചർച്ച നടത്തി ആർ.സി.ബി റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂവിൽ പന്ത് ബാറ്റിൽ കൊള്ളുന്നതിന് മുമ്പ് ബാറ്റിൽ കൊണ്ടുവെന്ന് വ്യക്തമാക്കി ടിവി അമ്പയറായ അനിൽ ചൗധരി കാർത്തിക്കിനെ നോട്ടൗട്ട് വിധിച്ചു. എന്നാൽ പന്തല്ല,കാർത്തികിന്റെ ബാറ്റാണ് പാഡിൽകൊണ്ടതെന്ന് വീഡിയോ ദൃശ്യത്തിൽ വ്യക്തമായിരുന്നു. എന്നാൽ നോട്ടൗട്ട് വിധിച്ചതോടെ രാജസ്ഥാൻ ഗഡൗട്ട് അത്ഭുതത്തോടെയാണ് തീരുമാനത്തെ കണ്ടത്.
തീരുമാനത്തിൽ പ്രതിഷേധിച്ച രാജസ്ഥാൻ ടീം ഡയറക്ടർ കുമാർ സംഗക്കാര സീറ്റിൽ നിന്ന് എഴുന്നേറ്റ് മാച്ച് ഒഫീഷ്യൽസിനോട് നീരസം രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെയും ഐ.പി.എല്ലിൽ അമ്പയർ തീരുമാനം വിവാദമായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ അടിച്ച സിക്‌സ് ഷായ് ഹോപ്പ് ബൗണ്ടറിയിൽ കൈയിലൊതുക്കിയപ്പോൾ ഫീൽഡറുടെ കാൽ ബൗണ്ടറി ലൈനിൽതട്ടിയതായി സംശയമുണ്ടായിരുന്നു. എന്നാൽ കൂടുതൽ പരിശോധന നടത്താതെ അമ്പയർ തീരുമാനമെടുക്കുകയായിരുന്നു. അതേസമയം, എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ രാജസ്ഥാൻ റോയൽസ് 173 റൺസ് വിജയലക്ഷ്യമാണ് പടുത്തുയർത്തിയത്. 22 പന്തിൽ 34 റൺസുമായി രജത് പടിദാർ ടോപ് സ്‌കോററായി.