ഹർഷിതിനൊപ്പം ഫ്‌ളയിങ് കിസ് ആഘോഷിച്ച് ഷാറൂഖ് ഖാൻ; കണക്കുതീർത്ത് വിജയാഘോഷം
ഹർഷിത് റാണക്കെതിരെ നടപടി സ്വീകരിച്ച ഐ.പി.എൽ അച്ചടക്കസമിതിക്കുള്ള മറുപടി കൂടിയാണ് കിരീടാഘോഷത്തിൽ കൊൽക്കത്ത നൽകിയത്.
ചെന്നൈ: ഹർഷിത് റാണ ഫ്‌ളയിങ് കിസ് ആഘോഷിച്ച് ഷാറൂഖ് ഖാൻ; കണക്കുതീർത്ത് വിജയാഘോഷംചെന്നൈ: ഐ.പി.എൽ 17ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു. അവസാനം കലാശകോട്ടിലും ഇരുടീമുകളുമാണ് നേർക്കുനേർ വന്നത്. ആദ്യ മത്സരത്തിൽ വിവാദമായ ഫ്‌ളയിങ് കിസ് ഫൈനലിലും ചർച്ചയാക്കിയിരിക്കുകയാണ് കൊൽക്കത്ത. കിരീടംനേടിയ ശേഷമാണ് ടീം അംഗങ്ങൾ ഒന്നിച്ച് ഫ്‌ളയിങ് കിസ് നൽകി ആഘോഷിച്ചത്. ടീം ഉടമ ഷാറൂഖ് ഖാൻ തന്നെയാണ് നേതൃത്വം നൽകിയതത്. വിവാദം തുടങ്ങിയ ഹൈദരാബാദിനെ തോൽപിച്ചാണ് കിരീടത്തിൽ മുത്തമിട്ടതെന്നതും കൗതുകമായി.
ഹൈദരാബാദ് താരം മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഹർഷിത് ഫ്ളൈയിംഗ് കിസ് നൽകി ആഘോഷിച്ചത്. ഇതിന് പിന്നാലെ താരത്തിന് പിഴശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡൽഹിക്കെതിരെയും ആഘോഷം അതിരുവിട്ടതോടെ ഹർഷിത് റാണക്ക് ഒരു മത്സരത്തിൽ വിലക്കും ലഭിച്ചിരുന്നു. ഐ.പി.എൽ അച്ചടക്ക സമിതിയുടെ ഈ തീരുമാനത്തിലുള്ള പ്രതിഷേധം കൂടിയാണ് ഫൈനലിലെ ഈ ഫ്‌ളയിങ് കിസ് ആഘോഷം.
കൊൽക്കത്തക്കായി സീസണിലെ 13 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് ഹർഷിത് വീഴ്ത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനലിലും താരം രണ്ടുവിക്കറ്റുമായി നിർണായക പ്രകടനം നടത്തിയിരുന്നു. നാല് ഓവറിൽ വെറും 24 റൺസ് വിട്ടുകൊടുത്താണ് താരം രണ്ട് വിക്കറ്റ് നേടിയത്. നിതീഷ് കുമാർ റെഡ്ഡിയെയും ഹെന്റിച്ച് ക്ലാസനെയുമാണ് 22 കാരന് മുന്നിൽ വീണത്. താരത്തിന്റെ പെരുമാറ്റത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ കളിക്കളത്തിൽ അത്യുഗ്രൻ പ്രകടനത്തിലൂടെയാണ് ഡൽഹിക്കാരൻ മറുപടി നൽകിയത്. സ്ലോബോളിലും പേസ്‌ബോളും മാറിമാറിയെറിയാൻ കഴിയുന്ന താരം ട്വന്റി 20 ലോകകപ്പ് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കൊൽക്കത്ത മൂന്നാം തവണയാണ് ഐപിഎൽ കിരീടം ഉയർത്തുന്നത്. 2012, 2014 സീസണുകളിൽ കൊൽക്കത്ത ഗംഭീറിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഐപിഎൽ ചാമ്പ്യന്മാരായത്.