സൂപ്പര്‍ താരത്തെ ഒഴിവാക്കി ഇര്‍ഫാന്‍ പത്താന്‍റെ ലോകകപ്പ് ഇലവന്‍
ഇര്‍ഫാന്‍റെ ടീമില്‍ രവീന്ദ്ര ജഡേജയും സൂര്യകുമാര്‍ യാദവും
ടി 20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ആരെല്ലാം ഇടംപിടിക്കും എന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് ചൂടു പിടിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും വിശ്രമം അനുവദിച്ചതിനെ തുടർന്ന് ടീമിലിടം പിടിച്ച ഇഷാൻ കിഷനടക്കം ഫോമിലേക്കുയർന്നത് സെലക്ടർമാർക്ക് പിടിപ്പത് പണിയുണ്ടാക്കുമെന്ന് ഉറപ്പാണ്. സീരീസിൽ ഇഷാൻ കിഷനായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.
ഐ.പി.എല്ലിലെ തകർപ്പൻ പ്രകടത്തനെത്തുടർന്ന് ഏറെ കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക് തന്‍റെ തകർപ്പൻ ഫോം തുടരുകയാണ്. ഇതോടെ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സജീവമായി.
മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ തന്‍റെ മനസ്സിലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറാവേണ്ടത് ഋഷബ് പന്തോ കാർത്തിക്കോ എന്ന ചർച്ച ചൂടേറിക്കൊണ്ടിരിക്കേ പത്താൻ തന്‍റെ ടീമിൽ സ്ഥാനം നൽകുന്നത് ദിനേശ് കാർത്തിക്കിനാണ്. ഓസ്‌ട്രേലിയൻ പിച്ചുകളിൽ വേഗവും സ്വിങും ഉണ്ടാകും എന്നതിനാൽ കാർത്തിക്കിനെ പോലെ ഒരു പരിജയ സമ്പന്നനായ കളിക്കാരനേ ഈ സാഹചര്യങ്ങളെ നേരിടാൻ കഴിയൂ എന്നാണ് പത്താന്‍റെ പക്ഷം.
അതേ സമയം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച ഇഷാന്‍ കിഷന് പത്താന്‍റെ ടീമില്‍ ഇടം കിട്ടിയില്ല. ഐ.പി.എല്ലിൽ മോശം പ്രകടനമായിരുന്നെങ്കിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ലോകകപ്പിൽ തിളങ്ങാനാവുമെന്നാണ് പത്താന്‍റെ പ്രതീക്ഷ. ഒപ്പം സൂര്യകുമാർ യാദവും പത്താന്‍റെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
പത്താന്‍റെ ടീം ഇങ്ങനെ
കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്ക്, രവീന്ദ്ര ജഡേജ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ