രാജസ്ഥാന് പുതിയ ക്യാപ്റ്റൻ; ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പകരം പരാഗ് നയിക്കും
ഇംപാക്ട് പ്ലെയറായാകും മലയാളി താരം കളത്തിലിറങ്ങുക


ജയ്പൂർ: ഐപിഎല്ലിന് തൊട്ടുമുൻപ് നിർണായക പ്രഖ്യാപനവുമായി രാജസ്ഥാൻ റോയൽസ്. ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസണ് പകരം റയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഇംപാക്ട് പ്ലെയറായി ബാറ്റിങിന് മാത്രമാകും മലയാളി താരം ഇറങ്ങുക. ടീം മീറ്റിങിൽ സഞ്ജു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാൻ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ബാറ്റിങിന് ഇറങ്ങാൻ കഴിഞ്ഞദിവസം എൻസിഎ അനുമതി ലഭ്യമായെങ്കിലും വിക്കറ്റ് കീപ്പറാവരുതെന്ന് നിർദേശിച്ചിരുന്നു. ഇതോടെയാണ് ക്യാപ്റ്റൻ സ്ഥാനത്ത് പരാഗിനെ പരിഗണിച്ച് സഞ്ജു മാറിനിൽക്കുന്നത്. ''ടീമിനെ നയിക്കാൻ യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളിൽ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുകയെന്നും സഞ്ജു വ്യക്തമാക്കി.
22ന് തുടങ്ങുന്ന ഐപിഎല്ലിൽ 23ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും 30ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുമാണ് അടുത്ത രണ്ട് മാച്ചുകൾ. കഴിഞ്ഞ ദിവസമാണ് മലയാളി താരം രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയത്. തുടർന്ന് ബാറ്റിങിൽ തകർപ്പൻ പ്രകടനവും നടത്തി ശ്രദ്ധനേടിയിരുന്നു.