ഇരട്ടി മധുരം; നൂറാം ടെസ്റ്റില്‍ 8000 റണ്‍സ് തികച്ച് കോഹ്‍ലി

അർധസെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്‍ലിയെ വിശ്വ ഫെർണാണ്ടോ പുറത്താക്കി

Update: 2022-03-04 10:55 GMT
Advertising

ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ നൂറാം മത്സരത്തിനിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്‍റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടു. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ 45 റൺസ് സ്‌കോർ ചെയ്ത കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് തികച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് കോഹ്‍ലി. മത്സരത്തിൽ അർധസെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്‍ലിയെ വിശ്വ ഫെർണാണ്ടോയാണ് പുറത്താക്കിയത്.

മുമ്പ് ആറ് ഇന്ത്യൻ താരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിൽ എണ്ണായിരം റൺസ് തികച്ചിട്ടുള്ളത്. സച്ചിൽ തെണ്ടുൽക്കർ,രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വി.വി.എസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ് എന്നിവരാണവര്‍.

 ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തിട്ടുണ്ട്. റിഷബ് പന്തും, ഹനുമാ വിഹാരിയും അർധ സെഞ്ച്വറി നേടി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റിഷബ് പന്ത് 84 റണ്‍സുമായി ക്രീസിലുണ്ട്.

കരിയറിൽ നൂറു ടെസ്റ്റുകൾ കളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഇതൊരു ദീർഘയാത്രയായിരുന്നെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ബിസിസിഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. ഈ മുഹൂർത്തം തനിക്കും കുടുംബത്തിനും കോച്ചിനും അമൂല്യ നിമിഷമാണെന്നും നൂറു ടെസ്റ്റുകൾ കളിക്കുന്ന 12ാം ഇന്ത്യൻ താരം പറഞ്ഞു.

കോഹ്‌ലിക്ക് മുമ്പ് 11 താരങ്ങൾ ഇന്ത്യക്കായി നൂറു ടെസ്റ്റ് തികച്ചിട്ടുണ്ട്. സുനിൽ ഗവാസ്‌കൾ, ദിലീപ് വെങ് സർക്കാർ, കപിൽദേവ്, സച്ചിൻ തെണ്ടുൽക്കർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിവരാണ് ഇതിന് മുമ്പ് 100 ടെസ്റ്റുകളില്‍ ഇന്ത്യൻ ജഴ്‌സിയണിഞ്ഞവർ.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News