'രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് അറിയില്ല': വിരാട് കോഹ്‌ലി
രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം മുതൽ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
ട്വന്റി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് അറിയില്ലെന്ന് കോഹ്‌ലി പറഞ്ഞു. ട്വന്റി20 ലോകകപ്പിന് മുമ്പായുള്ള വാർത്താ സമ്മേളനത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം.
ദ്രാവിഡ് പരിശീലകനായി വരുന്നതിനെ കുറിച്ച് അറിയില്ല. അക്കാര്യത്തിൽ ആരുമായും ഇതുവരെ വിശദമായ ചർച്ചകൾ നടന്നിട്ടില്ല എന്നും കോഹ്‌ലി പ്രതികരിച്ചു. ടീമിന്റെ ആത്മവീര്യം ഉയർത്താൻ ധോണി മെന്ററായി എത്തുന്നതിലൂടെ കഴിയും. ധോണിയുടെ പ്രായോഗിക നിർദേശങ്ങളും വിലയിരുത്തലുകളും ടീമിന് ഗുണമാവും എന്നും കോഹ്‌ലി പറഞ്ഞു.
ക്യാപ്റ്റനായിരുന്ന സമയത്തും ധോണി ഞങ്ങളുടെ മെന്ററായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരുടെ കരിയറിന്റെ തുടക്കമായിരുന്നു അത്. ഇപ്പോൾ അതേ റോളിലേക്ക് ധോണി തിരികെ വരുന്നു. ധോണിയുടെ സാന്നിധ്യം യുവ താരങ്ങൾക്ക് ഏറെ ഗുണം ചെയ്യും, കോഹ്‌ലി പറഞ്ഞു.
രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം മുതൽ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐപിഎൽ ഫൈനലിൽ ബിസിസിഐയുടെ പ്രത്യേക ക്ഷണിതാവായിരുന്നു ദ്രാവിഡ്. ഇവിടെ വെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചർച്ച നടത്തി.
ഈ ചർച്ചയിൽ പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് ദ്രാവിഡ് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്താൽ 2023 ഏകദിന ലോകകപ്പ് വരെ തുടരും. ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്ങിനേയും ബിസിസിഐ സമീപിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ പോണ്ടിങ് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന.