ഐ.പി.എൽ ഗ്രൗണ്ടിലെ തർക്കം: കോഹ്‌ലിയ്ക്ക് നഷ്ടമാകുക ഗംഭീറിന്റേതിനേക്കാൾ നാലിരട്ടിയിലേറെ തുക

ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖ് അമ്പത് ശതമാനമാണ് പിഴ അടയ്‌ക്കേണ്ടത്‌

Update: 2023-05-02 10:26 GMT
Advertising

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പർ ജയൻറ്‌സ്‌ -റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടവർക്ക്‌ ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് ബി.സി.സി.ഐ പിഴ ഈടാക്കിയിരിക്കുകയാണ്. ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്‌ലിക്കും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്‌നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വലിയ സംഖ്യ നഷ്ടപ്പെടുന്നത് വിലയേറിയ താരമായ കോഹ്‌ലിയ്ക്ക് തന്നെയാണ്.

ക്രിക്കറ്റ് കിംഗിന് 1.07 കോടി രൂപയാണ് പിഴ നൽകേണ്ടി വരിക. ഗൗതം ഗംഭീർ 25 ലക്ഷമാണ് നൽകേണ്ടത്. അഥവാ ഗംഭീറിന്റേതിനേക്കാൾ നാലു മടങ്ങിലേറെ പണം കോഹ്‌ലിയ്ക്ക് നഷ്ടമാകും. എന്നാൽ ഒരു ഇൻസ്ഗ്രാം പോസ്റ്റിന് എട്ട് കോടിയിലേറെ പണം വാങ്ങുന്ന താരമാണ് കോഹ്‌ലിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പറയുന്നത്. നവീൻ 1.79 ലക്ഷമാണ് പിഴയൊടുക്കേണ്ടത്. ക്രിക്കറ്റ് നിരീക്ഷകനായ മുഫദ്ദൽ വോഹ്‌റയടക്കമുള്ളവരാണ് ട്വിറ്ററിൽ പിഴയുടെ കണക്കുകൾ പങ്കുവെച്ചത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റമാണ് കോഹ്‌ലിക്കും ഗംഭീറിനുമെതിരെ ചുമത്തിയിരിക്കുന്നത്. 2.21 പ്രകാരം ലെവൽ 1 കുറ്റമാണ് നവീനുൽ ഹഖിനെതിരെയുള്ളത്.

ട്വിറ്ററിൽ അഞ്ചു കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ക്രിക്കറ്റ് താരവും കോഹ്ലി തന്നെ- 247 മില്യൺ പേർ. ക്രിസ്റ്റ്യാനോ റൊണാൾഡോ (580 മില്യൺ), ലയണൽ മെസ്സി (458 മില്യൺ) എന്നിവരാണ് കായിക താരങ്ങളിൽ കോഹ്ലിക്ക് മുമ്പിലള്ളത്. ഇൻസ്റ്റഗ്രാം ഷെഡ്യൂളിങ് ആൻഡ് പ്ലാനിങ് ടൂളായ ഹൂപ്പർ എച്ച്ക്യു പറയുന്നതു പ്രകാരം കോഹ്ലിക്ക് ഒരു സ്പോൺസേഡ് പോസ്റ്റിന് 1,088,000 ഡോളർ (8.69 കോടി രൂപ) ലഭിക്കുന്നതായി 2022 സെപ്തംബറിൽ വാർത്തയുണ്ടായിരുന്നു.

ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള മത്സരത്തിന് ശേഷം സൂപ്പർ താരം വിരാട് കോഹ്‌ലിയും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറും ടീമിലെ ഇതര അംഗങ്ങളുമായൊക്കെ വാക്ക് തർക്കമുണ്ടായിരുന്നു. ഇതാണ് പിഴ ഈടാക്കാനിടയാക്കിയത്. മത്സരത്തിന് ശേഷം ലഖ്‌നൗ ഓൾറൗണ്ടർ കെയിൽ മെയേഴ്സിനോട് എന്തോ സംസാരിക്കുകയായിരുന്നു കോഹ്‌ലി. ആ സമയം മെയേഴ്സിന് അടുത്തേക്ക് നടന്നെത്തിയ ഗംഭീർ താരത്തെ കോഹ്‌ലിക്ക് അടുത്ത് നിന്ന് വിളിച്ച് കൊണ്ടു പോയി. ഇതിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റത്തിലേർപ്പെടുന്നതാണ് ആരാധകർ കണ്ടത്. സഹതാരങ്ങൾ ഇരുവരേയും പിടിച്ച് മാറ്റാൻ പിടിപ്പത് പണിപെട്ടു. ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യമായൊന്നുമല്ല കോഹ്ലിയും ഗംഭീറും മൈതാനത്ത് ഏറ്റുമുട്ടുന്നത്. 2013 ൽ ഗംഭീർ കൊൽക്കത്ത നായകനായിരിക്കേ ഒരു മത്സരത്തിനിടെ ഇരുവരും മൈതാനത്ത് കൊമ്പ് കോർത്തിരുന്നു.

ടി20 ക്രിക്കറ്റിൽ 126 റൺസ് അനായാസം മറികടക്കാനാവുന്നൊരു ലക്ഷ്യമായിരുന്നിട്ടും ബാംഗ്ലൂർ ബൗളർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ലഖ്‌നൗ അവസാന ഓവറിലെ അഞ്ചാം പന്തിൽ കൂടാരം കയറി. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയതിന്റെ ശൗര്യവുമായെത്തിയ കെ.എൽ രാഹുലും സംഘവും കോഹ്ലിപ്പടക്ക് മുന്നിൽ കവാത്ത് മറക്കുന്ന കാഴ്ചയാണ് ഇന്നലെ മൈതാനത്ത് കണ്ടത്. കളിക്ക് ശേഷം ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലി ഏറെ ആവേശത്തിലായിരുന്നു. ഗ്യാലറിയിലെ ലഖ്‌നൗ ആരാധകരോട് ചുണ്ടിൽ വിരൽവച്ച് നിശബ്ദരാകാൻ പറയുന്ന കോഹ്ലിയെ കാണാമായിരുന്നു. നേരത്തേ ലഖ്‌നൗ മെന്റർ ഗൗതം ഗംഭീർ ബാംഗ്ലൂരിനെതിരായ ആവേശ ജയത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ഇതിന് സമാനമായൊരു ആഘോഷം നടത്തിയിരുന്നു. അതിനാൽ തന്നെ കോഹ്‌ലിയുടേത് ഒരു മധുര പ്രതികാരം കൂടിയായിരുന്നു.

കളിക്കിടയിലും വിരാട് കോഹ്‌ലിയും ലഖ്‌നൗ താരങ്ങളും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. മത്സരത്തിന്റെ 17ാം ഓവറിൽ ലഖ്‌നൗ താരം നവീനുൽ ഹഖുമായി കോഹ്‌ലി കൊമ്പു കോർത്തു. താരങ്ങൾ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്‌ലി നവീനോട് എന്തോ പറയുന്നത് കാണാമായിരുന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കോഹ്‌ലിയോട് നവീൻ കയർക്കുന്നത് കണ്ട സഹതാരങ്ങൾ താരത്തെ പിടിച്ചു മാറ്റി. മത്സരശേഷം നവീൻ ഇൻസ്റ്റഗ്രാമിലിലൊരു സ്റ്റോറിയിട്ടിരുന്നു. ''നിങ്ങൾ എന്താണോ അർഹിക്കുന്നത് അത് നിങ്ങൾക്ക് ലഭിക്കുമെന്നാണ്'' നവീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സംഘർഷങ്ങളെ തുടർന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീന് പിഴ ലഭിച്ചിരുന്നു.

മൈതാനത്തരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് ശേഷം റോമൻ ചക്രവർത്തിയായ മാർക്കസ് ഒറേലിയസിന്റെ പ്രശസ്തമായൊരു വാചകം കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ''നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്. അവ വസ്തുതകൾ ആവണമെന്നില്ല.. കാണുന്നതെല്ലാം കാഴ്ച്ചപ്പാടുകളാണ് സത്യമാവണമെന്നില്ല''

ലഖ്‌നൗവിനെതിരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ 18 റൺസിന്റെ ജയമാണ് നേടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 108 റൺസിന് ഓൾ ഔട്ടായി. 13 പന്തിൽ 23 റണ്ണെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്നൗ നിരയിലെ ടോപ് സ്‌കോറർ. 44 റൺസെടുത്ത ഫാഫ് ഡൂപ്ലെസിസാണ് ബാംഗ്ലൂരിന്റെ വിജയ ശിൽപി. ബാംഗ്ലൂരിന് വേണ്ടി കർൺ ശർമയും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

Kohli will have to pay four times Gambhir's fine for the controversy in the IPL match against Lucknow Supergiants yesterday.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News