മഴ: ഐ.പി.എല്ലിൽ ഡൽഹി- കൊൽക്കത്ത മത്സരം വൈകുന്നു
നിലവിൽ പോയിൻറ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹി. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റിരുന്നു
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ മൂലം വൈകുന്നു. അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരമാണ് വൈകുന്നത്. നിലവിൽ പോയിൻറ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹി. ഒരു പോയിൻറ് പോലും നേടാൻ ഡേവിഡ് വാർണറിനും സംഘത്തിനുമായിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റിരുന്നു. റിഷബ് പന്ത് വാഹനാപകടത്തിൽ പരിക്കേറ്റ് വിട്ടുനിൽക്കുന്നത് മൂലമാണ് വാർണർ ടീമിനെ നയിക്കുന്നത്. അതേസമയം, നാലു പോയിൻറുള്ള കൊൽക്കത്ത പോയിൻറ് പട്ടികയിൽ എട്ടാമതാണ്. രണ്ട് വിജയവും മൂന്നു പരാജയവുമാണ് ടീമിന്റെ സമ്പാദ്യം.
അതേസമയം, ഏകദേശം ഒന്നരകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി നായകനായെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ 24 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയിരുന്നത്. എന്നാൽ ഈ സ്‌കോർ മറികടക്കാനുള്ള പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറിൽ 150 റൺസിലൊതുങ്ങുകയായിരുന്നു. 46 റൺസ് നേടിയ പ്രബ്‌സിമ്രാൻ സിംഗും 41 റൺസ് നേടിയ ജിതേഷ് ശർമയും മാത്രമാണ് ടീമിനായി പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിന്റെ സ്വപ്‌നങ്ങളെ വരിഞ്ഞുകെട്ടിയത്. നാലു ഓവറിൽ 21 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. വാനിഡു ഹസരംഗ രണ്ടും വെയ്ൻ പാർനൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.
കോഹ്ലിയും ഫാഫ് ഡുപ്ലെസിസും റൺമെഷീനുകളായതോടെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 174 റൺസാണ് നേടിയത്. കോഹ്ലി 47 പന്തിൽ 59 റൺസ് നേടിയപ്പോൾ ഡുപ്ലെസിസ് 56 പന്തിൽ 84 റൺസാണ് അടിച്ചുകൂട്ടിയത്. ഡുപ്ലെസിസ് അഞ്ച് വീതം സിക്സറും ഫോറുമടിച്ചപ്പോൾ കോഹ്ലി ഒരു സിക്സും അഞ്ച് ഫോറുമടിച്ചു. ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനാകാത്തത് റൺനിരക്കിനെ ബാധിച്ചു. വൺഡൗണായെത്തിയ ഗ്ലെൻ മാക്സ്വെൽ ഹർപ്രീത് ബ്രാറിന്റെ പന്തിൽ ഡക്കായി. തായ്ദെക്കായിരുന്നു ക്യാച്ച്. ദിനേഷ് കാർത്തികും മഹിപാൽ ലോംറോറും ഏഴ് വീതം റണ്ണാണ് നേടിയത്. കാർത്തിക് അർഷദീപ് സിംഗിന്റെ പന്തിൽ തായ്ദെയ്ക്ക് ക്യാച്ച് നൽകി പുറത്തായി. എന്നാൽ മഹിപാൽ പുറത്താകാതെ നിന്നു. ഷഹബാസ് അഹമ്മദ് മൂന്നു പന്തിൽ അഞ്ച് റണ്ണുമായി കൂടെ നിന്നു.
പഞ്ചാബിനായി ഹർപ്രീത് ബ്രാർ (2), അർഷദീപ്(1), നഥാൻ എല്ലിസ്(1) എന്നിവരാണ് വിക്കറ്റ് നേടിയത്. സാം കറൺ നാലു ഓവറിൽ 27ഉം രാഹുൽ ചാഹർ 24 റൺസ് മാത്രമാണ് വിട്ടുനൽകിയതെങ്കിലും വിക്കറ്റൊന്നും നേടിയില്ല.
Kolkata Knight Riders vs Delhi Capitals match delayed due to rain