ഡൽഹിയെ എറിഞ്ഞിട്ട് മൊഹ്‌സിൻ; ലക്‌നൗവിന് 6 റൺസ് ജയം
തകർച്ചയോടെയായിയിരുന്നു ഡൽഹിയുടെ തുടക്കം.ഓപ്പണർ പൃഥ്വി ഷായുടേയും ഡേവിഡ് വാർണറുടേയും വിക്കറ്റ് തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായി
മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ 6 റൺസിന് തകർത്ത് ലക്‌നൗ സൂപ്പർ ജയ്ന്റസ്. മൊഹ്‌സിൻ ഖാന്റെ മിന്നും ബൗളിങ്ങ് പ്രകടനമാണ് ലക്‌നൗവിന് വിജയമൊരുക്കിയത്. മൊഹ്‌സിൻ നാല് ഓവറിൽ 16 റൺസ് വഴങ്ങി 4 വിക്കറ്റെടുത്തു.
തകർച്ചയോടെയായിയിരുന്നു ഡൽഹിയുടെ തുടക്കം.ഓപ്പണർ പൃഥ്വി ഷായുടേയും ഡേവിഡ് വാർണറുടേയും വിക്കറ്റ് തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ മിച്ചൽ മാർഷും ക്യാപ്റ്റൻ റിഷഭ് പന്തും സ്‌കോർ പതുക്കെ ഉയർത്തി. എന്നാൽ സ്‌കോർ 73 ൽ എത്തി നിൽക്കെ മിച്ചൽ മാർഷിന്റെ വിക്കറ്റ് നഷ്ടമായി.
പിന്നീട് ക്രീസിലെത്തിയ ലളിത് യാദവ് 3 റൺസെടുത്ത് പുറത്തായതോടെ ഡൽഹി കൂടുതൽ പ്രതിസന്ധിയിലായി. എന്നാൽ പിന്നീടെത്തിയ റോവ്മാൻ പവൽ മികച്ച രീതിയിൽ ബാറ്റുചെയ്‌തെങ്കിലും സ്‌കോർ 146 എത്തിനിൽക്കെ വീണു. അവസാന ഓവറുകളിൽ അക്ഷർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.ലക്‌നൗവിന് വേണ്ടി മൊഹ്‌സിൻ നാലും ചമീര,രവി ബിഷ്‌നോയി,കൃഷ്ണപ്പ ഗൗതം എന്നിവർ ഓരോ വിക്കറ്റെടുത്തു.
അതേസമയം, ആദ്യം ബാറ്റുചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 195 റൺസെടുത്തു.ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക്ക് ഹൂഡയും നേടിയ അർധസെഞ്ച്വറിയുടെ ബലത്തിലാണ് ലക്നൗ കൂറ്റൻ സ്‌കോർ നേടിയത്. രാഹുൽ 51 ബോളിൽ 5 സിക്സറുകളും 4 ഫോറുകളുമുൾപ്പടെ 77 റൺസെടുത്തു. ഒരു സിക്സറും 6 ഫോറും നേടി ഹൂഡ 52 റൺസെടുത്തു.
മികച്ച തുടക്കമായിരുന്നു ലക്നൗവിന് ലഭിച്ചത്. സ്‌കോർ 42 എത്തിനിൽക്കെ ഓപ്പണർ ക്വിന്റൻ ഡീക്കോക്ക് പുറത്തായെങ്കിലും പിന്നീടെത്തിയ ദീപക്ക് ഹൂഡയും ക്യാപ്റ്റൻ കെ.എൽ രാഹുലും ചേർന്ന് സ്‌കോർ ഉയർത്തി. 15ാം ഓവറിൽ ഹൂഡ പുറത്തായെങ്കിലും സ്‌കോർ 137 ൽ എത്തിയിരുന്നു.സ്‌കോർ 176 എത്തിനിൽക്കെയാണ് ക്യാപ്റ്റൻ കെ.എൽ രാഹുൽ പുറത്തായത്.ഡൽഹിക്ക് വേണ്ടി ശർദൂൽ ഠാക്കൂർ മൂന്ന് വിക്കറ്റെടുത്തു.