സംസ്ഥാന കായിക മന്ത്രി ഇപ്പോൾ രഞ്ജി ട്രോഫി ടീമിൽ; അപൂർവം
ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോൾ രഞ്ജി ട്രോഫി ടീമിൽ ഇടം പിടിക്കുന്ന താരമെന്ന അപൂർവ്വ നേട്ടമാണ് ഇതോടെ തിവാരിക്ക് സ്വന്തമായിരിക്കുന്നത്.
സീനിയർ ബാറ്ററും, പശ്ചിമ ബംഗാൾ സർക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ബംഗാളിന്റെ 21 അംഗ സ്ക്വാഡിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി സ്ക്വാഡിലാണ് മുപ്പത്തിയാറുകാരനായ മനോജ് തിവാരി ഇടം പിടിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോൾ രഞ്ജി ട്രോഫി ടീമിൽ ഇടം പിടിക്കുന്ന താരമെന്ന അപൂർവ്വ നേട്ടമാണ് ഇതോടെ തിവാരിക്ക് സ്വന്തമായിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതു വരെ 125 മത്സരങ്ങൾ കളിച്ചിട്ടുള്ള മനോജ് തിവാരി 50.36 ബാറ്റിംഗ് ശരാശരിയിൽ 8965 റൺസാണ് നേടിയിട്ടുള്ളത്. 27 സെഞ്ചുറികളും ഈ ഫോർമ്മാറ്റിൽ താരം സ്കോർ ചെയ്തു. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 12 ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള തിവാരി ഏറ്റവും അവസാനം ക്രിക്കറ്റ് മൈതാനത്തിറങ്ങിയത് 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു.
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്ഥാനം. വിദർഭ, ഹരിയാന, കേരള, ത്രിപുര, രാജസ്ഥാൻ എന്നീ ടീമുകളാണ് ബംഗാളിനെക്കൂടാതെ ഗ്രൂപ്പിൽ ഉള്ളത്. അതേസമയം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കകള്‍ക്കിടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് അനിശ്ചിതകാലത്തേക്ക് ബി.സി.സി.ഐ നീട്ടിവെച്ചു. രഞ്ജി ട്രോഫിക്ക് പുറമെ കേണല്‍ സി കെ നായിഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് മത്സരങ്ങളും ബിസിസിഐ മാറ്റിവെച്ചിട്ടുണ്ട്.