പരിക്ക് മാറി മുഹമ്മദ് ഷമി മടങ്ങിയെത്തുന്നു; ബംഗാളിനായി രഞ്ജിയിൽ കളിക്കും
ഓസീസിനെതിരായ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിൽ ഷമി ഇടം പിടിച്ചേക്കും
ബെംഗളൂരു: പ്രധാന ടെസ്റ്റ് മത്സരങ്ങൾ വരാനിരിക്കെ ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകി പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് 33 കാരൻ മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ബംഗാളിനായി രഞ്ജി ട്രോഫിയിൽ ഇറങ്ങും. ഒക്ടോബറിലാണ് രഞ്ജി മത്സരങ്ങൾ ആരംഭിക്കുക. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി പിന്നീട് ഇന്ത്യക്കായി പന്തെറിഞ്ഞിട്ടില്ല. ഇതിനിടെ ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ താരം ദീർഘകാലം വിശ്രമത്തിലായിരുന്നു. ഐപിഎല്ലും ടി20 ലോകകപ്പും താരത്തിന് നഷ്ടമായി.
ബംഗ്ലാദേശിനെതിരെ അടുത്തമാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരം മടങ്ങിയെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഷമിയുടെ മടങ്ങിവരവ് എന്നുണ്ടാകുമെന്നതിൽ വ്യക്തത വരുത്തിയിരിക്കുന്നു. ആസ്‌ത്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലേക്ക് താരം മടങ്ങിയെത്തുമെന്നാണ് ജയ് ഷാ പറഞ്ഞത്.
അതേസമയം, ഓസീസ് ടൂറിന് മുൻപ് ഇന്ത്യ കളിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിലും താരത്തെ പരിഗണിക്കും. ഒക്ടോബർ 19ന് ബെംഗളൂരുവിലാണ് കിവീസിനെതിരായ ആദ്യ ടെസ്റ്റ്. ആഭ്യന്തര ക്രിക്കറ്റിന് തുടക്കംകുറിച്ച് നടക്കുന്ന ദുലീപ് ട്രോഫിയ്ക്കുള്ള നാല് ടീമുകളെ പ്രഖ്യാപിച്ചതിൽ ഷമി ഇടംപിടിച്ചിരുന്നില്ല. വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങി സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. മറ്റു പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയിൽ കളിക്കുന്നുണ്ട്. നിലവിൽ ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള ഷമി തീവ്ര പരിശീലനത്തിലാണ്.