ലോകകപ്പ് വിജയം; മുഹമ്മദ് സിറാജിന് വീട് വയ്ക്കാൻ സ്ഥലവും ജോലിയും നൽകി തെലങ്കാന സർക്കാർ

ജൂലൈ 31ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലായിരുന്നു സിറാജിന് സ്ഥലവും സർക്കാർ ജോലിയും നൽകാൻ രേവന്ദ് റെഡ്ഡി സർക്കാർ തീരുമാനിച്ചത്.

Update: 2024-08-09 16:15 GMT
Advertising

ഹൈദരാബാദ്: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ പേസർ മുഹമ്മദ് സിറാജിന് വീട് വയ്ക്കാൻ സ്ഥലവും സർക്കാർ ജോലിയും അനുവദിച്ച് തെലങ്കാന സർക്കാർ. ഹൈദരാബാദ് ജൂബിലി ഹിൽസിലെ റോഡ് നമ്പർ 78ൽ 600 ചതുരശ്ര യാർഡ് സ്ഥലമാണ് അനുവദിച്ചത്. ജൂലൈ 31ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലായിരുന്നു സിറാജിന് സ്ഥലവും സർക്കാർ ജോലിയും നൽകാൻ രേവന്ദ് റെഡ്ഡി സർക്കാർ തീരുമാനിച്ചത്.

ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദിൽ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദർശിച്ചപ്പോൾ ഇക്കാര്യം അദ്ദേഹം നേരിട്ട് അറിയിക്കുകയും ചെയ്തു. ഹൈദരാബാദിലോ സമീപപ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർ​ദേശവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജൂബിലി ഹിൽസിൽ സ്ഥലം കണ്ടെത്തിയതും നൽകിയതും.

സിറാജിനെ കൂടാതെ, രണ്ട് തവണ ലോക ബോക്‌സിങ് ചാമ്പ്യനായ നിഖാത് സറീനിനും സർക്കാർ ജോലി നൽകി. നേരത്തെ സിറാജിൻ്റെ നേട്ടങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, അദ്ദേഹം സംസ്ഥാനത്തിനും രാജ്യത്തിനും വലിയ അഭിമാനമാണെന്നും പറഞ്ഞിരുന്നു. മുഹമ്മദ് സിറാജിനെ കൂടാതെ, ഷൂട്ടർ ഇഷ സിങ്ങിനും നിഖത് സറീനിനും ഹൈദരാബാദിൽ 600 ചതുരശ്ര യാർഡ് വീതമുള്ള ഹൗസ് സൈറ്റുകൾ അനുവദിക്കുമെന്ന് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, ഇന്ത്യൻ ടീമിന്റെ ടി 20 ലോകകപ്പ് വിജയത്തിന് ശേഷം നഗരത്തിൽ എത്തിയ മുഹമ്മദ് സിറാജിന് ഹൈദരാബാദിൽ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പടക്കം പൊട്ടിച്ചും പാട്ട് പാടിയുമാണ് ആരാധകർ 30കാരനായ പേസറെ സ്വീകരിച്ചത്. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് നേടിയത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News