മുംബൈ നിരയിൽ തുടരാനില്ല; സീസൺ ഒടുവിൽ ടീം വിടുമെന്ന് സഹ താരത്തെ അറിയിച്ച് രോഹിത്
ടീമിലെ പല തീരുമാനങ്ങളെയും ചൊല്ലി ഡ്രസിങ് റൂമിലടക്കം തർക്കമുണ്ടായെന്നും ടീം ഒത്തൊരുമയെ ബാധിച്ചുവെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.
മുംബൈ: ഐപിഎലിൽ ഇതുവരെ നേരിടാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നുപോകുന്നത്. 17ാം സീസണിൽ കളിച്ച മൂന്നിലും തോൽവി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയുമായുള്ള തർക്കവും ആരാധക പ്രതിഷേധവും മറുവശത്ത്. സീസണിൽ തിരിച്ചുവരാൻ ഇനിയും അവസരമുണ്ടെങ്കിലും പടലപിണക്കം പരിഹരിക്കാതെ ടീമിന് മുന്നേറാനാവില്ലെന്നാണ് മുൻ താരങ്ങളടക്കം വ്യക്തമാക്കുന്നത്.
ഇതിനിടെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിൽ രോഹിതിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ടീമിലെ സഹ താരത്തോടാണ് ഹിറ്റ്മാൻ നിലപാട് വ്യക്തമാക്കിയത്. കടുത്ത അതൃപ്തിയുമായി തുടരാനില്ലെന്ന നിലപാടിലാണ് രോഹിത്. ടീമിലെ പലതീരുമാനങ്ങളെയും ചൊല്ലി ഡ്രസിങ് റൂമിലടക്കം തർക്കമുണ്ടായെന്നും ടീം ഒത്തൊരുമയെ ബാധിച്ചുവെന്നും ദേശീയ മാധ്യമത്തോട് താരം പറഞ്ഞു. എന്നാൽ മുംബൈ താരത്തിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന സൂര്യകുമാർ യാദവ് ഡൽഹിക്കെതിരായ മത്സരത്തിലൂടെ മടങ്ങിയെത്തിയേക്കും. പരിക്ക് ഭേദമായതോടെ താരത്തിന് നാഷണൽ ക്രിക്കറ്റ് അക്കാദമി ഗ്രീൻ സിഗ്നൽ നൽകികഴിഞ്ഞു. 2011 മുതൽ മുംബൈ ടീമിനൊപ്പമുള്ള രോഹിത് അഞ്ചുതവണയാണ് ഫ്രാഞ്ചൈസിയെ ഐപിഎൽ കിരീടത്തിലെത്തിച്ചത്.