വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ യുവാവിന്റെ മരണം; ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്
ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്‌ലാമിന്റെ മകൻ റുബൽ ആണ് വെടിയേറ്റു മരിച്ചത്.
Update: 2024-08-23 12:49 GMT
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലപാതക കേസ്. വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിലാണ് താരത്തിനെതിരെ കേസെടുത്തത്. ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്‌ലാമിന്റെ മകൻ റുബൽ ആണ് വെടിയേറ്റു മരിച്ചത്. ഷാകിബ് ഉൾപ്പെടെയുള്ളവരുടെ ആഹ്വാന പ്രകാരം നടന്ന കലാപത്തിലാണ് മകൻ മരിച്ചതെന്നാണ് റഫിഖുൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ധാക്ക മെട്രോപൊളിറ്റൻ പൊലീസിലാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എം.പിയാണ് ഷാക്കിബ്. കേസിൽ 28-ാം പ്രതിയാണ് മുൻ ക്യാപ്റ്റൻ. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്. കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.