കണക്കു തീർത്ത് കിവികൾ; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ന്യൂസിലാൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
47 പന്തിൽ 68 റൺസ് നേടി ഡെറിൽ മിച്ചൽ ന്യൂസിലാൻഡിന് ഫൈനലിലേക്ക് വഴിയൊരുക്കി
തകർത്തടിച്ചു കളിച്ച ഡെറിൽ മിച്ചലിന്റെ മികവിൽ കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഇംഗ്ലണ്ടിനോട് കണക്കുതീർത്ത് ന്യൂസിലാൻഡ്. ലോകകപ്പ് ടി20യിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. 47 പന്തിൽ 68 റൺസ് നേടി ഡെറിൽ മിച്ചൽ ന്യൂസിലാൻഡിന് ഫൈനലിലേക്ക് വഴിയൊരുക്കി. 38 ബോളിൽ 46 റൺസ് നേടിയ ഡിവോൻ കോൺവേയും 11 പന്തിൽ 27 റൺസ് നേടിയ ജയിംസ് നീഷമും മിച്ചലിന് കൂട്ടായി.
ഓപ്പണർ മാർട്ടിൻ ഗുപ്ടിൽ, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഗ്ലെയിൻ ഫിലിപ്‌സ് എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല. ക്രിസ് വോക്‌സിന്റെ പന്തിൽ ഗുപ്ടിലിനെ മുഈൻ അലിയും വില്യംസണെ ആദിൽ റഷീദും പിടികൂടുകയായിരുന്നു. ലിയാം ലിവിങ്‌സ്റ്റണിന്റെ പന്തിൽ ഡിവോൺ കോൺവോയെ ജോസ് ബട്‌ലറും ഫിലിപ്‌സിനെ സാം ബില്ലിങ്‌സും പിടികൂടി. ആദിൽ റഷീദിന്റെ പന്തിൽ ജയിംസ് നീഷമടിച്ച ഷോട്ട് ഇയാൻ മോർഗന്റെ കയ്യിലൊതുങ്ങി.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 166 റൺസാണ് നേടിയത്. അർദ്ധ സെഞ്ച്വറിയുമായി മുഈൻ അലി തിളങ്ങി. 51 റൺസാണ് അലി നേടിയത്. 37 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു അലിയുടെ ഇന്നിങ്സ്. ഡേവിഡ് മലാൻ 41 റൺസ് നേടി പിന്തുണകൊടുത്തു. ടോസ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അപകടം മനസിലാക്കിയ ഇംഗ്ലണ്ട് കരുതലോടെയാണ് തുടങ്ങിയത്. ജേസൺ റോയിക്ക് പകരം ജോണി ബെയർസ്റ്റോ ആണ് ബട്ട്ലർക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 37 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇവർക്കായി. 13 റൺസെടുത്ത ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കി മിൽനെയാണ് കിവികൾക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ 29 റൺസെടുത്ത ജോസ് ബട്ട്ലറും മടങ്ങി. രണ്ട് പേർ മടങ്ങിയതോടെ ഇന്നിങ്സിന്റെ വേഗത കുറഞ്ഞു. എന്നാൽ ഡേവിഡ് മലാനും മുഈൻ അലിയും ചേർന്ന് ഇന്നിങ്സ് കെട്ടിപ്പൊക്കുകയായിരുന്നു. മലാൻ മടങ്ങിയതിന് പിന്നാലെ എത്തിയ ലിവിങ്സ്റ്റൺ ഇന്നിങ്സിന്റെ വേഗത കൂട്ടാൻ ശ്രമിച്ചു. അലിയും അവസാനത്തിൽ ആഞ്ഞുവീശിയതോടെയാണ് ഇംഗ്ലണ്ട് സ്‌കോർ 160 കടന്നത്. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി, ആദം മിൽനെ, ഇഷ് സോദി, ജയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.