അഫ്ഗാനിസ്താനെയും തോൽപിച്ചു: തുടർച്ചയായ നാലാം ജയവുമായി ന്യൂസിലാൻഡ്
ഈ വിജയത്തോടെ ന്യൂസീലന്‍ഡ് പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി
ചെന്നൈ: ഇംഗ്ലണ്ടിനെ വീഴ്ത്തിയതിന്റെ വമ്പുമായി എത്തിയ അഫ്ഗാനിസ്താന് ന്യൂസിലാൻഡിനെതിരെ തോൽവി. 149 റൺസിനാണ് ന്യൂസിലാൻഡിന്റെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 289 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന് 34.2 ഓവറിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ഈ വിജയത്തോടെ ന്യൂസീലന്‍ഡ് പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ന്യൂസിലാൻഡിന്റെ തുടർച്ചയായ നാലാം ജയമാണിത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സാന്റ്‌നർ ലോക്കി ഫെർഗൂസൺ എന്നിവരാണ് അഫ്ഗാനിസ്താനെ എളുപ്പത്തിൽ മടക്കിയത്.
രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടും കിവികളുടെ വിജയം എളുപ്പമായി. ഒരു ഘട്ടത്തിലും അഫ്ഗാനിസ്താന് മത്സരത്തിലേക്ക് വരാൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ അഫ്ഗാനിസ്താന്റെ വിക്കറ്റുകൾ വീണു. ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കടക്കാനായില്ല. 36 റൺസ് നേടിയ റഹ്മത്ത് ഷായാണ് അഫ്ഗാനിസ്താന്റെ ടോപ് സ്‌കോറർ.
ആദ്യ ഇന്നിങ്‌സ് റിപ്പോർട്ട്
അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്‌കോർ. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് കിവികൾ ഉയർത്തിയത്. 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറർ.
നായകൻ ടോം ലാഥം 68 റൺസ് നേടി. ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും വമ്പൻ സ്‌കോർ നേടാൻ കിവികളെ അഫ്ഗാൻ ബൗളർമാർ അനുവദിച്ചില്ല.
ഒരു ഘട്ടത്തിൽ 110ന് നാല് എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നിരുന്നു. തുടർന്നാണ് നായകനും ഗ്ലെൻ ഫിലിപ്‌സും ചേർന്ന് ടീമിനെ കരകയറ്റിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 144 റണ്‍സ് കിവീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.
വമ്പൻ ഷോട്ടുകൾ ഉതിർക്കാൻ കിവികളെ അഫ്ഗാൻ സ്പിന്നർമാർ അനുവദിച്ചില്ല. അതീവ ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേര്‍ന്ന് കിവീസിനെ മുന്നില്‍ നിന്ന് നയിച്ചു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും അഫ്ഗാന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. അതോടെ 200ല്‍ താഴെ ന്യൂസിലാന്‍ഡിനെ ഒതുക്കാമെന്ന അഫ്ഗാനിസ്താന്‍ മോഹം നടന്നില്ല.48-ാം ഓവറിലെ ആദ്യ പന്തില്‍ ഫിലിപ്‌സിനെ പുറത്താക്കി നവീന്‍ ഉള്‍ ഹഖാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നവീനുൽ ഹഖ്, അസ്മതുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം മറുപടി ബാറ്റിങിൽ അഫ്ഗാനിസ്താന് പിടിച്ച് നിൽക്കാനായിട്ടില്ല. 27 റൺസെടുക്കുന്നതിനിടെ അവരുടെ ഓപ്പണർമാർ കൂടാരം കയറി.