ഒരു മാറ്റവുമില്ല, രാഹുൽ തുടരും: ആദ്യ ഏകദിനത്തിന് രോഹിത് ഇല്ല, ടീം ഇങ്ങനെ...
മോശം ഫോമിലുള്ള ലോകേഷ് രാഹുലിനെ പുറത്തിരുത്തുമെന്ന പ്രചാരണങ്ങളെ അപ്പാടെ തള്ളിയ ബി.സി.സി.ഐ താരത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ചു
മുംബൈ: ആസ്‌ട്രേലിയക്കെതിരായ മൂന്ന്, നാല് ടെസ്റ്റുകൾക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ലോകേഷ് രാഹുലിനെ പുറത്തിരുത്തുമെന്ന പ്രചാരണങ്ങളെ അപ്പാടെ തള്ളിയ ബി.സി.സി.ഐ താരത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ചു. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള അതെ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്.
അതേസമയം രഞ്ജിട്രോഫി പരിഗണിച്ച് ടീമിൽ നിന്ന് റിലീസ് ചെയ്ത പേസർ ജയദേവ് ഉനദ്കട് മടങ്ങിയെത്തി. ആദ്യ രണ്ട് ടെസ്റ്റുകളിൽ ലോകേഷ് രാഹുലിന് ഉപനായക പദവിയുണ്ടായിരുന്നുവെങ്കിൽ പുതിയ ലിസ്റ്റിൽ അങ്ങനെയൊന്ന് ചേർത്തിട്ടില്ല. ഇൻഡോറിലും അഹമ്മദാബാദിലുമാണ് ഇനിയുള്ള രണ്ട് ടെസ്റ്റുകൾ. മാർച്ച് ഒന്ന് മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അതേസമയം ടെസ്റ്റിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നായകൻ രോഹിത് ശർമ്മയുണ്ടാവില്ല. പകരം ഹാർദിക് പാണ്ഡ്യയാവും ടീമിനെ നയിക്കുക. മുംബൈ, വിശാഖപ്പട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങൾ.
മോശം ഫോമിലുള്ള രാഹുലിനെ മാറ്റി ഫോമിലുള്ള ശുഭ്മാൻ ഗില്ലിനോ രഞ്ജിട്രോഫിയിൽ മിന്നുംഫോമിലുള്ള സർഫറാസ് അഹമ്മദിനോ അവസരം കൊടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. രാഹുലിന് നിരന്തരം അവസരം കൊടുക്കുന്നതിൽ വെങ്കടേഷ് പ്രസാദിനെപ്പോലുള്ള മുൻതാരങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെയൊന്നും ബി.സി.സി.ഐ ചെവിക്കൊണ്ടില്ല.
ആസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍ ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.
ആസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.