'ഒരാൾ മാത്രമല്ല എല്ലാവരും കുറ്റക്കാർ': തോൽവിയിൽ രോഹിത് ശർമ്മ

ചെന്നൈ ഏകദിനത്തിൽ 21 റൺസിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആസ്‌ട്രേലിയ സ്വന്തമാക്കി.

Update: 2023-03-23 04:56 GMT
Editor : rishad | By : Web Desk

രോഹിത് ശര്‍മ്മ

Advertising

ചെന്നൈ: ആസ്‌ട്രേലിയക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ടീം തന്ത്രങ്ങളിൽ വിമർശനവുമായി നായകൻ രോഹിത് ശർമ്മ. തോൽവിയിൽ കൂട്ടുത്തരവാദിത്വമാണെന്നും ഒരാളെ മാത്രം പഴിക്കാനാവില്ലെന്നും രോഹിത് പറഞ്ഞു. ചെന്നൈ ഏകദിനത്തിൽ 21 റൺസിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആസ്‌ട്രേലിയ(2-1) സ്വന്തമാക്കി.

'ആസ്‌ട്രേലിയ മുന്നോട്ടുവെച്ച ലക്ഷ്യം വലുതായിരുന്നില്ല. രണ്ടാമത് ബാറ്റിങിൽ സ്പിന്നർമാർ കളിതിരിച്ചു. എന്നിരുന്നാലും ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല. കൂട്ടുകെട്ടുകളൊക്കെ നിർണായകമായിരുന്നു. അങ്ങനെയൊന്ന് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല'- രോഹിത് ശർമ്മ പറഞ്ഞു. നാല് വിക്കറ്റ് വീഴ്ത്തിയ ആദംസാമ്പയെയാണ് കളിയിലെ താരമായി തെരഞ്ഞൈടുത്തത്. ആസ്‌ട്രേലിയിക്ക് ഭീഷണിയായേക്കാവുന്ന കൂട്ടുകെട്ടുകളൊക്കെ പൊളിച്ചത് സാമ്പയായിരുന്നു. ലോകേഷ് രാഹുൽ, ശുഭ്മാൻഗിൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് സാമ്പക്ക് മുന്നിൽ വീണത്.

ഇതിൽ ഹാർദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും വിക്കറ്റ് വീഴ്ത്തിയ സാമ്പ, കളി ആസ്‌ട്രേലിയക്ക് ഉറപ്പിക്കുകയായിരുന്നു. 54 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹാർദിക് പാണ്ഡ്യ 40 റൺസെടുത്തു. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പിറന്നെങ്കിലും കൃത്യമായ ഇടവേളകളിൽ ആസ്‌ട്രേലിയ വിക്കറ്റ് വീഴ്ത്തി മത്സരത്തിലേക്ക് വന്നു. അതേസമയം ആസ്‌ട്രേലിയയുടെ ബാറ്റിങും മനോഹരമായിരുന്നില്ല. ഓപ്പണിങിൽ ട്രവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് നേടിയ റൺസാണ് മികച്ചുനിന്നത്. അവസാനത്തിൽ പിറന്ന ചിലനീക്കങ്ങളാണ് കംഗാരുക്കളുടെ ഇന്നിങ്‌സ് 250 കടത്തിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News