"അയാളെ പെട്ടെന്ന് ദേശീയ ടീമിലെടുക്കൂ.. "; ഉംറാന്‍ മാലികിനെ വാനോളം പുകഴ്ത്തി ശശിതരൂരും പി. ചിദംബരവും
ഈ സീസണില്‍ 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഉംറാന്‍
സണ്‍ റൈസേഴ്സ് ഹൈദരാബാദിന്‍റെ പുത്തന്‍ താരോദയം ഉംറാന്‍ മാലികിനെ വാനോളം പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും ശശി തരൂര്‍ എം.പിയും. ഈ സീസണില്‍ ഐ.പി.എല്ലില്‍ വേഗതയുടെ പര്യായമായി പേരെടുത്ത ഉംറാൻ മാലിക് ഇന്നലെ നാലോവറിൽ 25 റൺസ് വിട്ടു നൽകി അഞ്ചു വിക്കറ്റാണ് പിഴുതത്. മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചെങ്കിലും ഉംറാന്‍റെ തകര്‍പ്പന്‍ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമാണിപ്പോള്‍.
വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹര്‍ എന്നിവരെ ഉംറാൻ ക്ലീന്‍ ബൗൾഡാക്കിയപ്പോൾ ഹാർദിക് പാണ്ഡ്യയെ മാർകോ ജൻസെന്‍റെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെയാണ് താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്.
"ഉംറാൻ മാലിക് ഒരു കൊടുങ്കാറ്റിനെ പോലെയാണ് ആഞ്ഞു വീശുന്നത്. നിസ്സംശയം പറയാം ഈ ഐ.പി.എല്ലിന്‍റെ കണ്ടെത്തലാണ് അയാൾ. ബി.സി.സി.ഐ അദ്ദേഹത്തിന് ഒരു പ്രത്യേക കോച്ചിനെ അനുവദിച്ച് നൽകണം. പെട്ടെന്ന് തന്നെ അദ്ദേഹത്തെ ദേശീയ ടീമിലെടുക്കണം"- പി.ചിദംബരം പറഞ്ഞു.
"അയാളൊരു പ്രതിഭാസമാണ്. ഇന്ത്യൻ ജേഴ്‌സിയിൽ നമുക്കയാളെ വേണം. ഇംഗ്ലണ്ടിലേക്ക് അയാളെ ടെസ്റ്റ് മത്സരങ്ങൾക്കായി അയക്കൂ. അയാളും ബുംറയും ചേർന്ന് പന്തെറിയുന്നത് ഇംഗ്ലീഷുകാരെ ഭയപ്പെടുത്തുമെന്നുറപ്പാണ്"- ശശി തരൂര്‍ കുറിച്ചു
ഈ സീസണില്‍ 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഉംറാന്‍. രണ്ടാം സ്ഥാനത്തുള്ള നടരാജനും 15 വിക്കറ്റാണുള്ളത്. 18 വിക്കറ്റുകളുമായി രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്‍വേന്ദ്ര ചാഹലാണ് ഒന്നാം സ്ഥാനത്ത്.
summary : "Give Him Exclusive Coach": P Chidambaram's Request To BCCI On Umran Malik