പാകിസ്താന് ആവേശ ജയം; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്ന പാകിസ്താന് തുടരെ രണ്ട് സിക്സുകള്‍ പറത്തി നസീം ഷായാണ് ആവേശ ജയം സമ്മാനിച്ചത്

Update: 2022-09-07 19:17 GMT
Advertising

എഷ്യാ കപ്പ് ടി20 സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ പാകിസ്താന്  ആവേശ ജയം. അത്യന്തം ആവേശം അലയടിച്ച മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ്  പാകിസ്താന്‍  മറികടന്നത്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ പരാജയ മുഖത്തായിരുന്നു. അവസാന ഓവറില്‍  ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്ന പാകിസ്താനെ  തുടരെ രണ്ട് സിക്സുകള്‍ പറത്തി നസീം ഷായാണ് വിജയതീരമണച്ചത്.

നേരത്തെ പാക് ബാറ്റിങ് നിരയുടെ നടുവൊടിച്ച അഫ്ഗാന്‍ ബോളര്‍മാരായ ഫസല്‍ ഹഖ് ഫാറൂഖിയും ഫരീദ് അഹ്മദ് മാലികും റാഷിദ് ഖാനും അഫ്ഗാന് വിജയപ്രതീക്ഷ നല്‍കിയിരുന്നു.  എന്നാല്‍ അവസാന ഓവറില്‍ ഫസല്‍ ഹഖ് ഫാറൂഖി തന്നെ ദുരന്തനായകനായി. അഫ്ഗാന് വേണ്ടി ഫാറൂഖിയും ഫരീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അഫ്ഗാന്‍റെ തോല്‍വിയോടെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ജയത്തോടെ പാകിസ്താന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചു. 

പാകിസ്താന് വേണ്ടി ഷദാബ് ഖാന്‍ 36 റണ്‍സെടുത്തപ്പോള്‍ ഇഫ്തിഖാര്‍ അഹ്മദ് 30 റണ്‍സെടുത്തു. മത്സരത്തില്‍ സംപൂജ്യനായി മടങ്ങിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഒരിക്കല്‍ കൂടി  ആരാധകരെ നിരാശപ്പെടുത്തി. മുഹമ്മദ് രിസ്‍വാന്‍ 20 റണ്‍സെടുത്ത് പുറത്തായി.  

നേരത്തേ ടോസ് നേടിയ പാകിസ്താന്‍ അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഹസ്റത്തുള്ള സസായും റഹ്മത്തുല്ല ഗുര്‍ബാസും അഫ്ഗാനായി തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നാലാം ഓവറില്‍ ഗുര്‍ബാസിന്‍റെ കുറ്റി തെറിപ്പിച്ച് ഹാരിസ് റഊഫ് പാകിസ്താന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. 35 റണ്‍സെടുത്ത ഇബ്രാഹിം സദ്റാനാണ് അഫ്ഗാന്‍ ടോപ് സ്കോറര്‍. റാഷിദ് ഖാന്‍ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പാകിസ്താനായി ഹാരിസ് റഊഫ് നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പന്തെറിഞ്ഞ മറ്റെല്ലാ ബോളര്‍മാരും ഓരോ വിക്കറ്റ് വീതം പിഴുതു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News