'കളിക്കാരെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണം, പാകിസ്താൻ ഇന്ത്യയിലേക്ക് പോകണം': മുഹമ്മദ് ഇർഫാൻ
ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് എത്തിയില്ലെങ്കിൽ ലോകകപ്പ് കളിക്കാൻ തങ്ങൾ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ വ്യക്തമാക്കിയിരുന്നു
കളിക്കാരെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് പാക് പേസർ മുഹമ്മദ് ഇർഫാൻ. പാകിസ്താൻ ഇന്ത്യയിലേക്കും ഇന്ത്യ പാകിസ്താനിലേക്കും പരസ്പരം വന്നു പോകണമെന്നും ഇർഫാൻ പറഞ്ഞു. ഇന്ത്യാ-പാക് മത്സരങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. വിവാദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ആസ്വാദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് എത്തിയില്ലെങ്കിൽ ലോകകപ്പ് കളിക്കാൻ തങ്ങൾ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും പരസ്പരം സന്ദർശിക്കുന്നതിലൂടെ ആളുകൾ തമ്മിലുള്ള സ്‌നേഹം വർധിക്കും. ക്രിക്കറ്റ് രാഷ്ട്രീയത്തിൽ നിന്ന് വേറിട്ടുനിൽക്കണമെന്നും പാക് താരം കൂട്ടിച്ചേർത്തു. ലോകകപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലേക്ക് വരില്ലേ എന്ന ചോദ്യത്തോട് അത് ബോർഡ് തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യ-പാക് മത്സരങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാടുകളെ വിശദീകരിച്ച ഇർഫാൻ ഇന്ത്യൻ ബൗളർമാരെ കുറിച്ചും സംസാരിച്ചു.
ഇന്ത്യയ്ക്ക് അതിവേഗം പന്തെറിയുന്ന ബൗളർമാരുണ്ട്. ഇന്ത്യൻ ബൗളിംഗിനെ നയിക്കാൻ ഉംറാനെയും അർഷ്ദീപിനെയും പാകപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവർ ഉൾപ്പെട്ട പാകിസ്താൻ ടീം സുരക്ഷിത കരങ്ങളിലാണെന്നും പാകിസ്ഥാൻ ബാറ്റിംഗ് സജ്ജീകരണത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം വ്യക്തമാക്കി. ഏഷ്യാ കപ്പിന് പുറമെ 2025 ചാമ്പ്യൻസ് ട്രോഫിക്കും പാകിസ്താനാണ് ആതിഥേയരാകുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐ എന്ത് തീരുമാനമെടുക്കുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.