അനായാസം ഗുജറാത്ത്; രാജസ്ഥാനെ വീഴ്ത്തിയത് ഒമ്പത് വിക്കറ്റിന്
13.5 ഓവറിലാണ് ഗുജറാത്ത് 119 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലെത്തിയത്
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ അനായാസം മലര്‍ത്തിയടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 13.5 ഓവറിലാണ് ഗുജറാത്ത് 119 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലെത്തിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ വിജയം. ഓപ്പണര്‍മാരായ സാഹയും ഗില്ലും കൂടി 71 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 39 റണ്‍സ് നേടി ഗുജറാത്തിന്‍റെ വിജയം സമ്പൂര്‍ണമാക്കി
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജോസ് ബട്‌ലറിനെ രാജസ്ഥാന് നഷ്ടമായി. ഹർദിക് പാണ്ഡ്യയുടെ പന്തിൽ മോഹിത് ശർമക്ക് ക്യാച്ച് നൽകിയായിരുന്നു ബട്‍ലറിന്റെ മടക്കം. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു യശസ്വി ജയ്‌സ്വാളിനൊപ്പം ചേർന്ന് സ്‌കോർബോർഡ് ഉയർത്തി. ആറാം ഓവറിൽ യശസ്വി ജയ്‌സ്വാൾ റൺ ഔട്ടായി. തൊട്ടടുത്ത ഓവറിൽ 30 റൺസെടുത്ത സഞ്ജുവും കൂടാരം കയറിയതോടെ രാജസ്ഥാന്റെ തകർച്ചയാരംഭിച്ചു.
പിന്നീട് ക്രീസിലെത്തിയ ഒരാൾക്കും ഗുജറാത്ത് ബോളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ റിയാൻ പരാഗ് വെറും രണ്ട് റൺസെടുത്താണ് മടങ്ങിയത്. അവസാന ഓവറുകളിൽ പിടിച്ച് നിന്ന ട്രെന്റ് ബോൾട്ടാണ് രാജസ്ഥാൻ സ്‌കോർ നൂറ് കടത്തി വൻനാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഗുജറാത്തിനായി റഷീദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി.